മുഖ്യ തെര. കമ്മീഷണർ ആരെയോ ഭയക്കുന്നുവെന്ന് രാഹുൽ ഗാന്ധി
Friday, September 19, 2025 1:45 AM IST
ന്യൂഡൽഹി: വോട്ടർപട്ടികയിൽനിന്ന് അനധികൃതമായി പേരുകൾ നീക്കം ചെയ്യുന്നതിൽ കർണാടക സിഐഡി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും 18 തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു വിവരങ്ങൾ ആവശ്യപ്പെട്ട് കത്തയയ്ക്കുകയും ചെയ്തുവെന്നും എന്നാൽ യാതൊരു വിവരവും കൈമാറാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാകുന്നില്ലെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ഇത്തരത്തിൽ കേന്ദ്രീകൃതമായി വോട്ടു മോഷണം നടത്തുന്നതിനു പിന്നിൽ ആരാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷനറിയാം. എന്നാൽ, ആരെയോ സംരക്ഷിക്കാൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ വിവരങ്ങൾ പുറത്തുവിടാൻ മടിക്കുന്നതായും രാഹുൽ ചൂണ്ടിക്കാട്ടി.
കർണാടക സിഐഡി ആവശ്യപ്പെടുന്ന വിവരങ്ങൾ (അപേക്ഷ സമർപ്പിച്ചതിന്റെ ഡെസ്റ്റിനേഷൻ ഐപി, ഉപയോഗിച്ച കംപ്യൂട്ടർ/ ഫോണിന്റെ ഡെസ്റ്റിനേഷൻ പോർട്ട്, ഒടിപി വിവരങ്ങൾ) ഒരാഴ്ചയ്ക്കകം കമ്മീഷൻ പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്ന ഗ്യാനേഷ് കുമാറിന്റെ നടപടി അവസാനിപ്പിക്കേണ്ടതാണെന്നും രാഹുൽ പറഞ്ഞു.
വോട്ടർ സ്ലിപ്പിൽ "ഒന്ന്'എന്ന സീരിയൽ നന്പറുള്ള ആളുകളുടെ പേരിലാണ് വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ നൽകുന്നതെന്നാണ് രാഹുൽ പറയുന്നത്. ഇത് സോഫ്റ്റ്വെയർ സഹായത്തോടെ "പ്രീ പ്രോഗ്രാം' (മുൻകൂട്ടി നിശ്ചയിച്ച്) ചെയ്തു നടത്തുന്ന വൻ ക്രമക്കേടാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.