ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Friday, September 19, 2025 1:45 AM IST
ന്യൂഡൽഹി: അനധികൃതമായി വോട്ടുകൾ വെട്ടിമാറ്റി വോട്ടുകൊള്ള നടത്തിയെന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഒരാൾക്കും മറ്റൊരാളുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഓണ്‍ലൈനായി വെട്ടിമാറ്റാൻ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക "എക്സ്’ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
രാഹുലിന്റെ വാർത്താസമ്മേളനം പൂർത്തിയായി മിനിറ്റുകൾക്കുള്ളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. രാഹുൽ ഉന്നയിച്ച കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 2023 ൽ വോട്ടർപട്ടികയിലെ പേരുകൾ വെട്ടുന്ന ചില സംഭവങ്ങളുണ്ടായി. എന്നാൽ അവയെല്ലാം പരാജയപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
രാഹുൽ വോട്ടുകൊള്ള ഉന്നയിച്ച അലന്ദ് മണ്ഡലത്തിൽ 2018ൽ ബിജെപിയുടെ സുഭാധ് ഗട്ടീദാറാണു വിജയിച്ചത്. എന്നാൽ വോട്ട് വെട്ടൽ നടന്നുവെന്ന് പറയുന്ന 2023ൽ കോണ്‍ഗ്രസിന്റെ ബി.ആർ. പാട്ടീലാണു വിജയിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ രാഹുൽ ഉന്നയിച്ച ചോദ്യങ്ങൾക്കോ കർണാടക സിഐഡിയുടെ കത്തിന് മറുപടി നൽകാത്തതിനെക്കുറിച്ചോ തെരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു പ്രതികരണവും നടത്തിയില്ല. വിവരങ്ങൾ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു കർണാടക സിഐഡി സമർപ്പിച്ച കത്തിന്റെ പകർപ്പും കോണ്‍ഗ്രസ് പുറത്തുവിട്ടു.