കങ്കണയ്ക്കെതിരേ "ഗോ ബാക്ക്' വിളികളുമായി നാട്ടുകാർ
Friday, September 19, 2025 1:45 AM IST
സിംല: ഹിമാചൽപ്രദേശിലെ പ്രളയദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ബിജെപി എംപിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ടിനെതിരേ പ്രതിഷേധവുമായി പ്രദേശവാസികൾ. "ഗോ ബാക്ക്' വിളികളുമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കുളു ജില്ലയിലെ പട്ലികുഹാൽ മേഖലയിൽ സന്ദർശനം നടത്തിയപ്പോഴായിരുന്നു കങ്കണയ്ക്കെതിരേ ജനരോഷം അണപൊട്ടിയത്. പ്രളയബാധിത മേഖലയിലെത്താൻ വൈകിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
നിങ്ങൾ ഇവിടെയെത്താൻ വൈകിയെന്ന് നാട്ടുകാർ കങ്കണയോടു പറഞ്ഞു. കങ്കണയ്ക്കൊപ്പമുണ്ടായിരുന്നവരും നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഹിമാചൽപ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തെയാണ് കങ്കണ പ്രതിനിധീകരിക്കുന്നത്.
ഓഗസ്റ്റ് 25, 26 തീയതികളിൽ ഹിമാചൽപ്രദേശിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും കനത്ത നാശമാണുണ്ടായത്.