കർഷകർക്കായി രണ്ടുകോടി രൂപ നൽകി കോൺഗ്രസ് എംഎൽഎ
Friday, September 19, 2025 1:45 AM IST
ഹൈദരാബാദ്: കർഷകരുടെ ആവശ്യങ്ങൾക്കായി രണ്ടു കോടി രൂപ സംഭാവന നൽകി തെലുങ്കാനയിലെ കോൺഗ്രസ് എംഎൽഎ ബത്തുല ലക്ഷ്മ റെഡ്ഢി.
മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിക്കാണ് നൽഗോണ്ട ജില്ലയിലെ മിരയാൽഗുഡയിൽനിന്നുള്ള എംഎൽഎയായ ലക്ഷ്മ റെഡ്ഢി രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറിയത്.
ഒരു ലക്ഷം കർഷകർക്ക് ഒരു ബാഗ് സൗജന്യ യൂറിയ നൽകുന്നതിന് ഈ സംഭാവന വിനിയോഗിക്കണമെന്ന് ലക്ഷ്മ റെഡ്ഢി മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയും ചെയ്തു.
മകന്റെ വിവാഹച്ചടങ്ങിനായി കരുതിയിരുന്ന പണമാണ് കർഷകരെ സഹായിക്കുന്നതിനായി നൽകിയതെന്ന് എംഎൽഎ പറഞ്ഞു. ലക്ഷ്മ റെഡ്ഢിയുടെയും കുടുംബത്തിന്റെയും ഉദാര സംഭാവന മാതൃകാപരമാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിപറഞ്ഞു.