രാഹുൽ നുണകൾ പ്രചരിപ്പിക്കുന്നു: ബിജെപി
Friday, September 19, 2025 1:45 AM IST
ന്യൂഡൽഹി: വോട്ടുകൊള്ളയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ നാടകമാണെന്ന് ബിജെപി.
രാഹുൽ പുതിയ ആരോപണങ്ങൾ ഉന്നയിച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും ബിഹാറിലെ റോഹ്താസ് ജില്ലയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
രാഹുൽ ഇന്ത്യ മുഴുവൻ യാത്ര നടത്തി. എന്നാൽ യാത്രയുടെ വിഷയം വോട്ടുമോഷണമോ നല്ല വിദ്യാഭ്യാസമോ തൊഴിലോ ഒന്നുമായിരുന്നില്ല. മറിച്ച് ബംഗ്ലാദേശിൽനിന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കുന്നതിനാണ് രാഹുൽ യാത്ര നടത്തിയതെന്നും അമിത് ഷാ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കു പിന്നിൽ നിരവധി പരാജയങ്ങൾ നേരിട്ടതിലുള്ള നിരാശയാണെന്ന് ബിജെപി എംപി അനുരാഗ് ഠാക്കൂർ പരിഹസിച്ചു. രാഹുൽ ആരോപണം ഉന്നയിച്ച മണ്ഡലത്തിൽ കോണ്‍ഗ്രസിന്റെ സ്ഥാനാർഥിതന്നെയാണു വിജയിച്ചത്. അപ്പോൾ വോട്ട് മോഷ്ടിച്ചാണോ കോണ്‍ഗ്രസ് വിജയിച്ചതെന്നും അനുരാഗ് ഠാക്കൂർ ചോദിച്ചു.