നേപ്പാൾ ദേശീയദിനത്തിന് ആശംസ നേർന്ന് ഇന്ത്യ
Friday, September 19, 2025 1:45 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: നേപ്പാളിന് ഉറച്ച പിന്തുണയാവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കിയുമായി ഇന്നലെ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നേപ്പാൾ പ്രധാനമന്ത്രിയായി സുശീലയെ തെരഞ്ഞെടുത്തശേഷം ആറാം ദിവസമാണു മോദി വിളിച്ചത്.
ഇന്ന് ആഘോഷിക്കുന്ന നേപ്പാൾ ദേശീയദിനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ആശംസ നേർന്നു.നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെയുണ്ടായ ജീവഹാനിയിൽ അനുശോചനം അറിയിച്ചതായും മോദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സോഷ്യൽ മീഡിയയിലെ സർക്കാർ നിരോധനത്തിനെതിരേ ആരംഭിച്ച ജെൻ സി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രിയായിരുന്ന കെ.പി. ശർമ ഒലി രാജിവച്ചതോടെയാണ് മുൻ ചീഫ് ജസ്റ്റീസ് സുശീലയെ നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയോഗിച്ചത്.
നേപ്പാളിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ ഉറച്ച പിന്തുണ വീണ്ടും അറിയിച്ചതായി മോദി വ്യക്തമാക്കി. സുശീല കാർക്കിയുമായി നടത്തിയ സംഭാഷണം ഊഷ്മളമായിരുന്നുവെന്ന് എക്സിൽ മോദി കുറിച്ചു. 2026 മാർച്ച് അഞ്ചിന് നേപ്പാളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതു വരെയാകും ഇടക്കാല പ്രധാനമന്ത്രിയുടെ ഭരണം.
പ്രക്ഷോഭകരുടെ സ്മരണയ്ക്കായി പൊതു അവധി
നേപ്പാളിലെ കെ.പി. ശർമ ഒലി സർക്കാരിനെ പുറത്താക്കിയ ജെൻ സി പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി സെപ്റ്റംബർ 17 ദേശീയ ദുഃഖാചരണ ദിനമായും പൊതു അവധിയായും ആചരിക്കാൻ നേപ്പാൾ മന്ത്രിസഭ തീരുമാനിച്ചു.
മരിച്ചവരുടെ ഓർമയ്ക്കായി "ജെൻ-സെഡ് മെമ്മോറിയൽ പാർക്ക്’ നിർമിക്കാനും ഇടക്കാല മന്ത്രിസഭ തീരുമാനിച്ചു. പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട എല്ലാവരെയും രക്തസാക്ഷികളായി പ്രഖ്യാപിച്ചു.
പ്രതിഷേധ ഇരകളെ ആദരിക്കുന്നതിനായി ബുധനാഴ്ച നേപ്പാളിലാകെ ദേശീയ ദുഃഖാചരണം നടത്തി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. കഴിഞ്ഞ എട്ടിന് പ്രതിഷേധങ്ങൾ നടന്ന കാഠ്മണ്ഡുവിലെ മൈതിഘർ മണ്ഡല ഉൾപ്പെടെ നേപ്പാളിന്റെ പല ഭാഗങ്ങളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഇതിനിടെ, യുവജന പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രവും നേപ്പാൾ തലസ്ഥാനവുമായ കാഠ്മണ്ഡുവിൽ സാധാരണ നില തിരിച്ചെത്തി. ഇടക്കാല സർക്കാരിനു കീഴിൽ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടു.