മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ
Tuesday, October 14, 2025 3:06 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കാഷ്മീർ ജനതയുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാജി വച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ ചേർന്നു.
ഇന്നലെ രാവിലെ എഐസിസി ആസ്ഥാനത്ത് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽനിന്ന് കനയ്യ കുമാറടക്കമുള്ള പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ കണ്ണൻ ഗോപിനാഥൻ അംഗത്വം സ്വീകരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ പാർട്ടിയിലേക്കെത്തിയതെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ചോദ്യങ്ങൾ ഉന്നയിക്കുന്ന ആരെയും രാജ്യദ്രോഹികളാക്കുന്ന ഒരു സർക്കാരിനെയാണ് സമീപകാലത്ത് നാം കാണുന്നത്. എന്നാൽ ഇപ്പോൾ കോണ്‍ഗ്രസ് പാർട്ടിയുമായി താൻ ബന്ധപ്പെട്ടിരിക്കുന്നു. പാർട്ടി നൽകുന്ന ഏതൊരു ഉത്തരവാദിത്വവും പൂർണ സത്യസന്ധതയോടെ നിറവേറ്റുമെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി.
സിവിൽ സർവീസ് പദവിയിലിരിക്കേ ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരേ കടുത്ത വിമർശനം ഉന്നയിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
2019 ഓഗസ്റ്റ് 21ന് രാജിവയ്ക്കുന്പോൾ ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നഗർ ഹവേലി കേന്ദ്ര ഭരണപ്രദേശത്തിന്റെ വൈദ്യുത വകുപ്പ് സെക്രട്ടറിയായിരുന്നു കണ്ണൻ ഗോപിനാഥൻ. അദ്ദേഹത്തിന്റെ രാജി ആദ്യം സ്വീകരിച്ചിരുന്നില്ല.
ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിച്ചതോടെ രാജി അംഗീകരിക്കുകയായിരുന്നു. പുതുപ്പള്ളി സ്വദേശിയാണ് കണ്ണൻ ഗോപിനാഥൻ. ഇപ്പോൾ പൂനയിലാണ് താമസം.