വഖഫ് ഭേദഗതി ബിൽ: പാർലമെന്റിൽ പ്രതിപക്ഷ ബഹളം
ജോർജ് കള്ളിവയലിൽ
Friday, February 14, 2025 5:13 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി (ജെപിസി) റിപ്പോർട്ടിന്മേലുള്ള പ്രതിപക്ഷ ബഹളത്തിനും വാക്കൗട്ടിനും ശേഷം പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്നലെ സമാപിച്ചു. പ്രതിപക്ഷം നിർദേശിച്ച 44 ഭേദഗതി നിർദേശങ്ങളും തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് അംഗീകരിച്ചത്. സർക്കാരിന്റെ അഞ്ചെണ്ണം അടക്കം 40 ഭേദഗതികളോടെയാണു ജെപിസി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചത്.
ലോക്സഭയിലും രാജ്യസഭയിലും നടുത്തളത്തിലിറങ്ങി ബഹളംവച്ച പ്രതിപക്ഷ എംപിമാർ, രാജ്യസഭയിൽ വാക്കൗട്ടും നടത്തി. പ്രതിപക്ഷ ബഹളത്തിൽ ഉച്ചകഴിഞ്ഞു രണ്ടുവരെ സഭ നിർത്തിവച്ചശേഷം വീണ്ടും ചേർന്ന് പുതിയ ആദായനികുതി ബിൽ അവതരിപ്പിച്ചശേഷം മറ്റു നടപടികൾ ഉപേക്ഷിച്ചു നേരത്തേ പിരിയുകയായിരുന്നു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം മാർച്ച് 10ന് തുടങ്ങി ഏപ്രിൽ നാലുവരെ നീണ്ടുനിൽക്കും. അടുത്ത മാസം തുടങ്ങുന്ന രണ്ടാം ഘട്ടം സമ്മേളനകാലത്ത് വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചു പാസാക്കുകയാണു സർക്കാരിന്റെ ലക്ഷ്യം.
പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പുകൾകൂടി ജെപിസി റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിലും എല്ലാ വിയോജനക്കുറിപ്പുകളും ഉൾപ്പെടുത്തി മുഴുവൻ റിപ്പോർട്ടും അനുബന്ധവും സഭയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നു പാർലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരണ് റിജിജു രാജ്യസഭയിലും പറഞ്ഞതോടെയാണു പ്രതിപക്ഷം ശാന്തരായത്. അംഗങ്ങളുടെ വിയോജനക്കുറിപ്പുകൾ നീക്കിയശേഷം അവതരിപ്പിക്കുന്ന റിപ്പോർട്ടിനെ അപലപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എല്ലാ വിയോജനക്കുറിപ്പുകളും റിപ്പോർട്ടിലുണ്ടെന്നും മന്ത്രി റിജുജു തിരിച്ചടിച്ചു.
രാജ്യസഭയിലാണു വഖഫ് ബില്ലിനെക്കുറിച്ചുള്ള ജെപിസി റിപ്പോർട്ട് ആദ്യം അവതരിപ്പിച്ചത്. കേരള എംപിമാരുടെ നേതൃത്വത്തിൽ മുദ്രാവാക്യംവിളികളുമായി പ്രതിഷേധിച്ചു. വഖഫ് ബോർഡിനെക്കുറിച്ചുള്ള ജെപിസി റിപ്പോർട്ടിലെ വിയോജനക്കുറിപ്പുകൾ നീക്കംചെയ്ത് പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ അടിച്ചമർത്തുന്നത് ശരിയല്ലെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഇതു ജനാധിപത്യവിരുദ്ധമാണെന്നും വിയോജനക്കുറിപ്പില്ലാതെ അവതരിപ്പിക്കുന്ന വ്യാജ റിപ്പോർട്ടുകൾ സ്വീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിയോജനക്കുറിപ്പുകളില്ലെങ്കിൽ റിപ്പോർട്ട് തിരിച്ചയച്ചു വീണ്ടും അവതരിപ്പിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ഖാർഗെയുടെ വാദങ്ങൾ തെറ്റാണെന്നു മന്ത്രി റിജുജു പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ പരിശോധിച്ചു. റിപ്പോർട്ടിൽനിന്ന് ഏതെങ്കിലും കാര്യങ്ങൾ ഇല്ലാതാക്കുകയോ നീക്കംചെയ്യുകയോ ചെയ്തിട്ടില്ല. എല്ലാ വിയോജിപ്പുകളും റിപ്പോർട്ടിന്റെ അനുബന്ധത്തിൽ ചേർത്തിട്ടുണ്ട്. സഭയെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു വിഷയം ഉന്നയിക്കാൻ കഴിയുക? ജെപിസി റിപ്പോർട്ട് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നു വിഷിപ്പിക്കുന്നത് ശരിയല്ല. ഇത് എൻഡിഎയുടെ റിപ്പോർട്ടല്ല, പാർലമെന്റിന്റെ റിപ്പോർട്ടാണ്.
രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ എല്ലാ വിയോജിപ്പു റിപ്പോർട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിയോജനക്കുറിപ്പുകൾ നീക്കംചെയ്യാൻ ചെയർമാന് അധികാരമുണ്ട്. അത്തരത്തിൽ നീക്കംചെയ്യാൻ പാടില്ലായിരുന്നുവെന്ന് അംഗങ്ങൾക്കു തോന്നുന്നുവെങ്കിൽ ചെയർമാനോട് ആവശ്യപ്പെടാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.