മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി രാഹുൽ ഗാന്ധി
Saturday, February 8, 2025 1:41 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ കണക്കിലുള്ള പ്രായപൂർത്തിയായ മൊത്തം ജനങ്ങളേക്കാൾ കൂടുതൽ പേർ എങ്ങനെയാണു വോട്ടു ചെയ്തതെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിലെയും പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും സമഗ്ര വോട്ടർ പട്ടിക എത്രയുംവേഗം പ്രതിപക്ഷ പാർട്ടികൾക്കു കൈമാറണമെന്ന് കോണ്ഗ്രസ് നേതാവ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്, എൻസിപി-ശരത് പവാർ നേതാവ് സുപ്രിയ സൂലെ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അഞ്ചു മാസത്തിനുള്ളിൽ 39 ലക്ഷം വോട്ടർമാർ മഹാരാഷ്ട്രയിൽ വർധിച്ചു. അഞ്ചു വർഷത്തിനിടെ ആകെ 32 ലക്ഷം വോട്ടർമാർ മാത്രമാണു കൂടിയത്. ഹിമാചൽ പ്രദേശ് പോലുള്ള സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയ്ക്കു തുല്യമാണിത്. ഷിർദിയിലെ ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ 7,000 പുതിയ വോട്ടർമാരെയാണു ചേർത്തത്. കാംതി നിയമസഭാ മണ്ഡലത്തിൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം 35,000 വോട്ടർമാരെ ചേർത്തു.
ലോക്സഭയിലേക്ക് കോണ്ഗ്രസിന് 1.36 ലക്ഷം വോട്ടും നിയമസഭയിലേക്ക് 1.19 ലക്ഷം വോട്ടുമാണു കിട്ടിയത്. എന്നാൽ ബിജെപിക്ക് 1.34 ലക്ഷത്തിൽ നിന്നു 1.75 ലക്ഷം വോട്ടായി കൂടി. പുതുതായി ചേർത്ത വോട്ടർമാരുടെ അതേ ഭൂരിപക്ഷമാണു ബിജെപിക്കു കിട്ടിയതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ പ്രായപൂർത്തിയായ 9.54 കോടി ആളുകൾ ആണുള്ളതെന്നു കേന്ദ്രസർക്കാരിന്റെ രേഖകളിൽ പറയുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 9.7 കോടി പേർ വോട്ടു ചെയ്തു. ഇതെങ്ങിനെ സാധിക്കും? രാഹുൽ ചോദിച്ചു.
പാർലമെന്റിൽ ഇക്കാര്യം ഉന്നയിച്ചു. പേരും വിലാസവുമുള്ള വോട്ടർ പട്ടികയുടെ പകർപ്പു തരണമെന്ന് കോണ്ഗ്രസും ശിവസേനയും എൻസിപിയും രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. 15 സെക്കൻഡുകൊണ്ടു നൽകാവുന്ന രേഖകൾ ഇത്ര ദിവസം കഴിഞ്ഞിട്ടും തരാത്തതു ദുരൂഹമാണ്. എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണു കമ്മീഷൻ വിവരം കൈമാറാത്തത്. സുതാര്യമായ വോട്ടർ പട്ടിക ആണു ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്ന് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞിട്ടുണ്ട്.
രേഖാമൂലം മറുപടി നൽകും: കമ്മീഷൻ
രാഹുൽ ഗാന്ധി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും രേഖാമൂലംനൽകുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളെ മുൻഗണനാ പങ്കാളികളായി കണക്കാക്കുന്നു. തീർച്ചയായും വോട്ടർമാരാണു പ്രധാനം.
രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള കാഴ്ചപ്പാടുകൾ, നിർദേശങ്ങൾ, ചോദ്യങ്ങൾ എന്നിവയെ ആഴത്തിൽ വിലമതിക്കുന്നു. രാജ്യത്തുടനീളം ഒരേപോലെ സ്വീകരിച്ച പൂർണവും വസ്തുതാപരവും നടപടിക്രമപരവുമായ മെട്രിക്സ് ഉപയോഗിച്ചു കമ്മീഷൻ രേഖാമൂലം പ്രതികരിക്കും- സാമൂഹ്യമാധ്യമായ എക്സിൽ നൽകിയ പോസ്റ്റിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞു.
രാഹുലിന്റെ ചോദ്യങ്ങൾ
എന്തുകൊണ്ടാണ് അഞ്ചു വർഷത്തിനുള്ളിൽ ചേർത്തതിൽ കൂടുതൽ വോട്ടർമാരെ അഞ്ചു മാസത്തിനുള്ളിൽ ചേർത്തത്? എന്തുകൊണ്ട് മഹാരാഷ്ട്രയിലെ പ്രായപൂർത്തിയായ മുഴുവൻ ജനസംഖ്യയേക്കാൾ കൂടുതൽ വോട്ടർമാരുണ്ടായി? ഒരു ഉദാഹരണം കാംതി മണ്ഡലമാണ്.
അവിടെ ബിജെപിയുടെ വിജയത്തിന്റെ മാർജിൻ പുതിയ വോട്ടർമാരുടെ എണ്ണത്തിനു തുല്യമാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും 2024ലെ ലോക്സഭാ, നിയമസഭാ ഇലക്ടറൽ റോളുകൾ നൽകുകയും വേണം.