ഇവിഎമ്മുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ഹർജി തള്ളി
സ്വന്തം ലേഖകൻ
Wednesday, November 27, 2024 6:09 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കു (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
തോൽക്കുന്പോൾ ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്നു പറയുന്നതും വിജയിക്കുന്പോൾ അതിന്റെ നിയമസാധുത സൗകര്യപൂർവം അംഗീകരിക്കുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്നും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ പിന്തുടരുന്ന ബാലറ്റ് പേപ്പർ സംവിധാനം ഇന്ത്യയിലും പിന്തുടരണമെന്നും ആവശ്യപ്പെട്ട് ഡോ. കെ.എ. പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവിഎമ്മുകൾ ജനാധിപത്യ സംവിധാനത്തിനു ഭീഷണിയാണെന്നും ഇലോണ്‍ മസ്കിനെപ്പോലുള്ള വ്യക്തികൾ ഇവയുടെ കൃത്രിമത്വത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇവയ്ക്കൊപ്പം പണമോ മദ്യമോ വിതരണം ചെയ്തതിനു പിടിക്കപ്പെട്ടാൽ സ്ഥാനാർഥികളെ അഞ്ചു വർഷത്തേക്ക് അയോഗ്യരാക്കുന്ന നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി വിഷയം തള്ളുകയായിരുന്നു.