കെ.എം. ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് : സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി
സ്വന്തം ലേഖകൻ
Wednesday, November 27, 2024 6:09 AM IST
ന്യൂഡൽഹി: മുസ്ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം. ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിൽ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.
കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 2014ൽ സ്കൂൾ മാനേജ്മെന്റിൽനിന്നു കൈക്കൂലിയായി 25 ലക്ഷം വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരായ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന സർക്കാരും ഇഡിയും സമർപ്പിച്ച സ്പെഷൽ ലീവ് പെറ്റീഷനുകളാണ് സുപ്രീംകോടതി ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
അന്വേഷണത്തിൽ രേഖപ്പെടുത്തിയ 54 സാക്ഷികളുടെ മൊഴികൾ കോടതി പരിശോധിച്ചു. ഷാജി വ്യക്തിപരമായി പണം ആവശ്യപ്പെട്ടതായോ കൈപ്പറ്റിയതായോ മൊഴികളൊന്നും സൂചിപ്പിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും വാക്കാലുള്ള പരമർശങ്ങളല്ല ശക്തമായ തെളിവുകളാണ് ആവശ്യമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇങ്ങനെയാണെങ്കിൽ ഏതൊരു രാഷ്ട്രീയക്കാരനെയും ഓരോ കേസുകളിൽ പ്രതികളാക്കാമല്ലോയെന്നും കോടതി ചോദിച്ചു.
2020ലാണ് ഷാജിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കൈക്കൂലി ആവശ്യപ്പെട്ടതിനു വ്യക്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസിലെ തുടർനടപടികൾ റദ്ദാക്കി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കോഴ നൽകിയിട്ടുണ്ടെന്ന് സ്കൂൾ മാനേജർ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതായും സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.