വിദൂരനിയന്ത്രിത യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ -അമേരിക്ക കരാർ
Wednesday, October 16, 2024 2:25 AM IST
ന്യൂഡൽഹി: അമേരിക്കയിൽനിന്ന് എംക്യൂ 9 ബി വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യയും അമേരിക്കയും കരാറിൽ ഒപ്പിട്ടു.
വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങൾ വാങ്ങുന്നതടക്കം തദ്ദേശീയമായി ആണവ അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള സുപ്രധാന കരാറുകൾക്ക് കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി കഴിഞ്ഞ ദിവസം (സിസിഎസ്) അംഗീകാരം നൽകിയിരുന്നു. 31 ഡ്രോണുകളാണ് വാങ്ങുന്നത്. അതിൽ 15 എണ്ണം നാവികസേനയ്ക്കും എട്ട് വീതം കരസേനയ്ക്കും വ്യോമസേനയ്ക്കും നൽകും.
ഏകദേശം 3 .5 ബില്യണ്‍ ഡോളറിൽ താഴെയായിരിക്കും ഇടപാടിന്റെ അകെ ചെലവ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ സൈനിക വിൽപന കരാർ പ്രകാരം അമേരിക്കൻ നിർമാതാക്കളായ ജനറൽ അറ്റോമിക്സ് എയ്റോനോട്ടിക്കൽ സിസ്റ്റംസിൽനിന്നാണ് വിമാനങ്ങൾ ഏറ്റെടുക്കുന്നത്.
ദീർഘ നേരം നീണ്ടുനിൽക്കുന്ന സൈനിക ദൗത്യങ്ങളിലും പർവതങ്ങൾ, സമുദ്രമേഖലകൾ എന്നിവിടങ്ങളടക്കം തന്ത്ര പ്രധാന മേഖലകളിൽ കൃത്യമായി ആക്രമണം നടത്താൻ ഈ വിമാനങ്ങൾക്ക് സാധിക്കും.