മനുഷ്യ രത്നം
Friday, October 11, 2024 3:01 AM IST
ഉരുക്കിന്റെ ഉറപ്പുള്ള ജംഷഡ്പുരിന്റെ ഹൃദയം വല്ലാതുലഞ്ഞിരിക്കുന്നു. അതേ, നഗരപ്പേരിനു കാരണമായ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിൽ ദുഃഖാചരണത്തിലാണ് ടാറ്റാനഗർ.
രത്തൻ ടാറ്റയുടെ പിതാവ് ജംസേട്ട്ജി നുസർവാനി ടാറ്റയുടെ പേരിൽനിന്നാണ് ജംഷഡ്പുർ ഉണ്ടായത്. ടാറ്റയോടുള്ള ആദരസൂചകമായി ജാർഖണ്ഡ് വ്യാഴാഴ്ച ഔദ്യോഗികമായി ദുഃഖാചരണം നടത്തി.
ബുധനാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ അന്തരിച്ച അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഇന്നലെ രാവിലെ മുതൽ ടാറ്റ സെന്ററിലെത്തി.
1993ൽ ടാറ്റാ സ്റ്റീലിന്റെ സാരഥ്യം ഏറ്റെടുത്ത അദ്ദേഹം പതിവായി ഉരുക്കിന്റെ നഗരം സന്ദർശിച്ചിരുന്നു. പിതാവ് ജാംസേട്ട്ജി നുസർവാൻജി ടാറ്റയുടെ ജന്മദിനത്തോടനുബന്ധിച്ച് മാർച്ച് മൂന്നിന് നടക്കുന്ന കമ്പനിയുടെ സ്ഥാപകദിന ചടങ്ങിൽ അദ്ദേഹം ഒരിക്കലും പങ്കെടുക്കാതിരുന്നിട്ടില്ല. കമ്പനിയുടെ വിവിധ പരിപാടികൾക്കായും അദ്ദേഹം നിരന്തരം ജംഷഡ്പുരിലേക്ക് എത്തി.
പ്രായം ഏറിയതോടെ ജംഷഡ്പുരിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകളും ചുരുങ്ങി. 2019ൽ മെഹർബായ് ടാറ്റാ മെമ്മോറിയൽ ആശുപത്രിയുടെ ഉദ്ഘാടനത്തിനുവേണ്ടിയായിരുന്നു ജംഷഡ്പുരിലേക്കുള്ള ഒടുവിലെ യാത്രകളിലൊന്ന്.
പരമ്പരാഗതമായി യാഥാസ്ഥിതിക ബിസിനസുകാരായിരുന്ന ടാറ്റയെ 1991ൽ ഇന്ത്യയിൽ കാലുകുത്തിയ ഉദാരാവത്കരണം അടിമുടി മാറ്റിമറിച്ചു. ആഗോള ബ്രാൻഡുകൾ സ്വന്തമാക്കുകയും സമകാലികരായ വ്യവസായികളെക്കാൾ മികച്ച പ്രകടനം നടത്തുകയും ചെയ്തു.
“ഉദാരവത്കരണത്തോട് യാഥാസ്ഥിതിക സമീപനമായിരുന്നു അക്കാലത്ത് തങ്ങൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ സാമ്പത്തിക നയം മാർക്കറ്റിനെ തുറന്നിടാൻ തീരുമാനിച്ചപ്പോൾ മടിച്ചുനിൽക്കാതെ മാറാൻ തങ്ങൾ തയാറായി” അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
2021 മാർച്ചിൽ 182-ാമത് സ്ഥാപക ദിനാഘോഷത്തിനായിരുന്നു അദ്ദേഹം ഒടുവിലായി ജാർഖണ്ഡ് സന്ദർശിച്ചത്.