തെരഞ്ഞെടുപ്പുതോൽവി: ഹരിയാന നേതാക്കളോടു പൊട്ടിത്തെറിച്ച് രാഹുൽ
Friday, October 11, 2024 1:33 AM IST
ന്യുഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളോടു പൊട്ടിത്തെറിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
പാർട്ടി താത്പര്യങ്ങളേക്കാൾ വ്യക്തിതാത്പര്യങ്ങൾക്കാണു മുൻതൂക്കം നൽകിയതെന്നു പറഞ്ഞ രാഹുൽ, തോൽവിക്ക് മറ്റൊരു കാരണം കാണിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ നടന്ന അവലോകന യോഗത്തിൽ രാഹുൽ കടുത്ത ഭാഷയിലാണു സംസ്ഥാന നേതാക്കളെ വിമർശിച്ചത്.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്ന അശോക് ഗെഹ്ലോട്ട്, അജയ് മാക്കൻ എന്നിവർ തോൽവി സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ വിമർശനം.
ഭൂപീന്ദർ ഹൂഡ, കുമാരി സെൽജ, രണ്‍ദീപ് സിംഗ് സുർജെവാല, ഉദയ് ബാൻ അടക്കം ഹരിയാനയിൽനിന്നുള്ള നേതാക്കളാരും യോഗത്തിനുണ്ടായിരുന്നില്ല. ഇവരുമായി കേന്ദ്ര നേതൃത്വം ഉടൻ ചർച്ച നടത്തും.
വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഇതു പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ നേതാക്കൾ നൽകിയ പരാതിയിൽ ചർച്ച ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയവും പ്രചാരണവുമടക്കമുള്ള വിഷയത്തിൽ രാഹുലിന് വിയോജിപ്പുണ്ടായിരുന്നു. രാഹുലിന്റെ പ്രചാരണതന്ത്രത്തിന് നേർവിപരീതമായായിരുന്നു ഭൂപീന്ദർ ഹൂഡയടക്കമുള്ള സംസ്ഥാന നേതാക്കളുടെ പ്രചാരണരീതി. ദളിത്, ഒബിസി വിഭാഗങ്ങളെ കൂടെനിർത്തിയുള്ള പ്രചാരണമായിരുന്നു രാഹുൽ മുന്നോട്ടുവച്ചത്.
ഹൂഡയും ഹരിയാനയിലെ കോണ്‍ഗ്രസിന്റെ ദളിത് മുഖമായ കുമാരി ഷെൽജയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും പ്രചാരണത്തെ ബാധിച്ചു. ഹരിയാനയിലെ പരാജയം ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകളും പൊതുജനവും ഒരേ സ്വരത്തിൽ പറഞ്ഞിട്ടും തോൽക്കാനുണ്ടായ കാരണം സൂക്ഷ്മമായി പരിശോധിക്കുമെന്നും യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെ അശോക് ഗെഹ്ലോട്ട് പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടും പാർട്ടിക്കുള്ളിലെ അനൈക്യവുമാണ് തോൽവിക്കു കാരണമായതെന്നും അവ ചർച്ച ചെയ്യുമെന്നും അജയ് മാക്കൻ വിശദീകരിച്ചു.