ഇന്ത്യ-മാലദ്വീപ് ബന്ധം ശക്തമാക്കി മോദിയും മുയിസുവും
Tuesday, October 8, 2024 2:47 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യയുടെ സുരക്ഷയെ ദുർബലപ്പെടുത്തില്ലെന്നു മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണു മാലദ്വീപ് എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽനിന്നു കൂടുതൽ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്നും മാലദ്വീപിന്റെ ഏറ്റവും വലിയ ടൂറിസം ഉറവിട വിപണിയാണ് ഇന്ത്യയെന്നും മുയിസു പറഞ്ഞു.
ഇന്ത്യാവിരുദ്ധ പ്രചാരണത്തിലൂടെ അധികാരത്തിലെത്തുകയും ഇന്ത്യൻ സൈന്യത്തെ പുറത്താക്കുകയും ചെയ്തശേഷം ആദ്യമായി ഇന്ത്യയിലെത്തിയ മാലദ്വീപ് പ്രസിഡന്റ് ഇന്ത്യാവിരുദ്ധ നിലപാടിൽ വലിയ മാറ്റം വരുത്തിയത് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിസന്ധിയിലായ ഉഭയകക്ഷിബന്ധം വീണ്ടും ശക്തിപ്പെടുത്തി.
ഇന്ത്യാ വിരുദ്ധതയ്ക്കു പുറമേ, ചൈന അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മുയിസുവിന്റെ മനംമാറ്റത്തിനു പിന്നിൽ പ്രധാനമായും സാന്പത്തിക, വികസന കാര്യങ്ങളാണ്. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മുയിസുവും നടത്തിയ ചർച്ചയ്ക്കുശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് വീണ്ടും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രഖ്യാപനങ്ങൾ നടത്തിയത്.
നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തിയ മുയിസുവിനും ഭാര്യ സജിതയ്ക്കും ഇന്നലെ രാവിലെ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നു രാഷ്ട്രപതിഭവനിൽ അചാരപരമായ സ്വീകരണം നൽകി.
രാഷ്ട്രപതിഭവനിൽനിന്നു രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചശേഷമാണ് മുയിസു ഹൈദാരാബാദ് ഹൗസിൽ മോദിയുമായി ഔദ്യോഗിക ചർച്ചയ്ക്കെത്തിയത്. കഴിഞ്ഞ നവംബറിൽ അധികാരമേറ്റതിനുശേഷമുള്ള മുയിസുവിന്റെ ആദ്യ ഇന്ത്യ സന്ദർശനത്തിനായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു മാലദ്വീപ് പ്രസിഡന്റിനെയും സംഘത്തെയും ഞായറാഴ്ച ഡൽഹിയിലെത്തിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഞായറാഴ്ച മുയിസുവിനെ സന്ദർശിച്ചിരുന്നു.
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മാലദ്വീപിന്റെ ഏറ്റവും അടുത്ത അയൽക്കാരനും അടുത്ത സുഹൃത്തുമാണ് ഇന്ത്യ.
മാലദ്വീപിന് ആവശ്യമുള്ളപ്പോഴൊക്കെ ആദ്യം സഹായം നൽകുന്നതിൽ ഇന്ത്യ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ മരുന്നുകൾ ലഭ്യമാക്കുന്നതു മുതൽ സാന്പത്തിക, വികസന, ക്ഷേമ കാര്യങ്ങളിലും ഇന്ത്യ മുന്നിലുണ്ടായിരുന്നു. -മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സുരക്ഷയെ തകർക്കാൻ മാലദ്വീപ് ഒരിക്കലും ഒന്നും ചെയ്യില്ലെന്ന് ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ മുയിസു വ്യക്തമാക്കി. മറ്റു രാജ്യങ്ങളുമായി സഹകരണം വർധിപ്പിക്കുന്പോൾ, പ്രദേശത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ മാലദ്വീപ് പ്രതിജ്ഞാബദ്ധരാണ്.
അന്താരാഷ്ട്ര ബന്ധങ്ങൾ വൈവിധ്യവത്കരിക്കുകയും ഏതെങ്കിലുമൊരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് മാലദ്വീപിന് അത്യന്താപേക്ഷിതമാണെന്ന് ചൈനയുടെ പേരു പറയാതെ മുയിസു പറഞ്ഞു.
ഇന്ത്യയുടെ സാന്പത്തികസഹായത്തിന് മുയിസു നന്ദി പറഞ്ഞു. പ്രധാനമന്ത്രി മോദിയെ മാലദ്വീപ് സന്ദർശിക്കാൻ മുയിസു ക്ഷണിച്ചു.
മാലദ്വീപിന് ഇന്ത്യയുടെ വൻ സഹായങ്ങൾ
►ഇരുരാജ്യങ്ങളും തമ്മിൽ 40 കോടി (400 മില്യണ്‍) ഡോളറിന്റെയും 3,000 കോടി രൂപയുടെയും കറൻസി കൈമാറ്റ (കറൻസി സ്വാപ്) കരാർ ഒപ്പുവച്ചു. മാലദ്വീപിന്റെ വിദേശനാണ്യ കരുതൽ പ്രശ്നങ്ങൾ മറികടക്കാൻ ഇതു സഹായിക്കും.
►സാന്പത്തിക മാന്ദ്യത്തിൽനിന്നു കരകയറാൻ മാലദ്വീപിന് നിർണായക സാന്പത്തിക സഹായം ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
►700 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ ഇന്ത്യ മാലദ്വീപിന് കൈമാറി. എക്സിം ബാങ്കിന്റെ ബയേഴ്സ് ക്രെഡിറ്റ് സൗകര്യങ്ങളനുസരിച്ചു നിർമിച്ചതാണിത്.
►മാലദ്വീപിൽ ഇന്ത്യയുടെ യുപിഐ സംവിധാനമായ റുപേ കാർഡ് മോദിയും മുയിസുവും ചേർന്നു പുറത്തിറക്കി.
►മാലദ്വീപിലെ പുനർവികസിപ്പിച്ച ഹനിമധു വിമാനത്താവളത്തിന്റെ പുതിയ റണ്‍വേ ഇരുനേതാക്കളും സംയുക്തമായി വെർച്വലായി ഉദ്ഘാടനം ചെയ്തു.
►ഗ്രേറ്റർ മാലി കണക്ടിവിറ്റി പദ്ധതി ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
►തിലഫുഷിയിൽ പുതിയ വാണിജ്യ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ പിന്തുണ നൽകും.
►മാലദ്വീപ് സർക്കാരിനു ബജറ്റ് ആശ്വാസം നൽകുന്നതിനായി ഇന്ത്യ ഒരു വർഷത്തേക്ക് അഞ്ചു കോടി ഡോളറിന്റെ ട്രഷറി ബിൽ റോൾ ചെയ്യും.
►ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ചകൾ ആരംഭിക്കും.
►അദ്ദുവിൽ ഇന്ത്യൻ കോണ്‍സുലേറ്റും ബംഗളൂരുവിൽ മാലദ്വീപ് കോണ്‍സുലേറ്റും തുറക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യും.
►ദ്വീപ് സമൂഹത്തിലെ 28 ദ്വീപുകൾക്കുള്ള ജല-മലിനജല പദ്ധതികൾക്ക് ഇന്ത്യ തുടർന്നും സഹായം നൽകും.