മണിപ്പുരിലെ ജനവാസമേഖലയിൽ ബോംബ് കണ്ടെത്തി
Tuesday, October 8, 2024 2:47 AM IST
ഇംഫാൽ: മണിപ്പുർ തലസ്ഥാനമായ ഇംഫാലിലെ ജനവാസ കേന്ദ്രത്തിൽ ബോംബ് കണ്ടെത്തി. നാഗമപാൽ മേഖലയിലാണു ബോംബ് കണ്ടെത്തിയത്.
പോലീസ് സംഘം എത്തി ബോംബ് സുരക്ഷിതസ്ഥലത്ത് കൊണ്ടുപോയി നിർവീര്യമാക്കി. ബോംബ് സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്നു പോലീസ് പറഞ്ഞു.
അതിനിടെ കഴിഞ്ഞമാസം അഞ്ചിനുശേഷം സംസ്ഥാനത്തു പിടിച്ചെടുത്ത ആയുധങ്ങളുടെ കണക്ക് പോലീസ് പുറത്തുവിട്ടു. 4,755 കിലോ സ്ഫോടകവസ്തുക്കൾക്കുപുറമേ തോക്കുകളും പിസ്റ്റലുകളും ഉൾപ്പെടെ വിവിധങ്ങളായ ഒട്ടേറെ ആയുധങ്ങൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടും.
സ്ട്രീംഗർ ഗ്രനേഡ്, കണ്ണീർവാതക ഗ്രനേഡ് എന്നിവയും പിടിച്ചെടുത്തവയിൽ ഉണ്ട്. സുരക്ഷാസേനയും പോലീസും നടത്തിയ വ്യത്യസ്തമായ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.