ഭൂമി കുംഭകോണം: ലാലുവിനും മക്കൾക്കും ജാമ്യം
Tuesday, October 8, 2024 2:47 AM IST
ന്യൂഡൽഹി: ഭൂമി കുംഭകോണ കേസിൽ ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ഡൽഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു.
കേസിന്റെ അന്വേഷണത്തിനിടെയല്ല അറസ്റ്റുണ്ടായതെന്നു ചൂണ്ടിക്കാട്ടിയ കോടതി കുറ്റാരോപിതർ ഒരു ലക്ഷം രൂപവീതം ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്നും നിർദേശിച്ചു.
കോടതി അയച്ച സമൻസിന്റെ അടിസ്ഥാനത്തിലാണ് ലാലു പ്രസാദ് യാദവും മക്കളും കോടതിയിൽ ഹാജരായത്. മൂവരോടും പാസ്പോർട്ടുകൾ കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ലാലു പ്രസാദ് യാദവ് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഉദ്യോഗാർഥികളിൽനിന്നു ഭൂമി കോഴയായി വാങ്ങി റെയിൽവേയിൽ ജോലി നൽകിയെന്നാണു കേസ്.
അഴിമതിയിലൂടെ ലാലുവിന്റെ കുടുംബവുമായി ബന്ധമുള്ള കന്പനികൾ ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ സ്വത്ത് സന്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. ലാലു പ്രസാദ് യാദവും രണ്ട് ആൺമക്കളും കൂടാതെ ഭാര്യയും രണ്ടു പെണ്മക്കളും കേസിൽ അന്വേഷണം നേരിടുന്നുണ്ട്.