അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് സോനം വാംഗ്ചുക്
Sunday, October 6, 2024 2:13 AM IST
ന്യൂഡൽഹി: ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവി ലഭിക്കുന്നതിനായി ഡൽഹിയിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്കും കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് അംഗമായ സജ്ജാദ് ഹുസൈനും.
നിരാഹാരസമരം ഇന്നലെ ആരംഭിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ഡൽഹി പോലീസിന്റെ അനുമതി ലഭിക്കാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. വേദി തീരുമാനിച്ചതിനുശേഷം നിരാഹാരം ആരംഭിക്കുമെന്ന് ഇരുവരും അറിയിച്ചു.
ലഡാക്കിന്റെ അവകാശങ്ങൾ സംബന്ധിച്ചു കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾക്ക് അനുമതി ലഭിച്ചില്ലെന്ന് സോനം വാംഗ്ചുക് പറഞ്ഞു. സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടാകുന്നതുവരെ തന്നോടൊപ്പം ലഡാക്കിൽനിന്നുള്ള മറ്റു പ്രതിഷേധക്കാരും സമരത്തിൽ പങ്കെടുക്കുമെന്ന് സോനം പറഞ്ഞു.
കഴിഞ്ഞ ദിവസം ലഡാക്കിൽനിന്ന് ഡൽഹിയിലേക്കു പദയാത്ര നടത്തിയ സോനം വാംഗ്ചുക്കിനെയും നൂറോളം പ്രതിഷേധക്കാരെയും ഡൽഹി അതിർത്തിയിൽവച്ച് പോലീസ് തടഞ്ഞിരുന്നു.