എടുത്തുചാടി പ്രതിഷേധം, സേഫായി ലാൻഡ് ചെയ്ത് ഡെപ്യൂട്ടി സ്പീക്കർ
Saturday, October 5, 2024 5:27 AM IST
മുംബൈ: ധൻഗർ വിഭാഗത്തിന് പട്ടികവർഗ പദവി നൽകുന്നതിനെരിരേ വേറിട്ട പ്രതിഷേധം നടത്തി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹാരി സിർവാൾ ഉൾപ്പെടെ ആദിവാസി വിഭാഗം നേതാക്കൾ.
ദക്ഷിണ മുംബൈയിലെ സെക്രട്ടേറിയറ്റ് കെട്ടിടത്തിനു മുകളിൽനിന്നു താഴേക്ക് ‘എടുത്തുചാടി’യായിരുന്നു നേതാക്കളുടെ പ്രതിഷേധം. മൂന്നാം നിലയിൽനിന്നായിരുന്നു ചാട്ടമെങ്കിലും നേതാക്കൾ ‘സേഫായി ലാൻഡ്’ചെയ്തു. സെക്രട്ടേറിയറ്റില്‍ ആത്മഹത്യാശ്രമങ്ങള്‍ തടയാന്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ വലയിലേക്കായിരുന്നു നേതാക്കളുടെ ചാട്ടം. ആർക്കും പരിക്കുപറ്റിയിട്ടില്ല. മഹാരാഷ്ട്ര ഭരണകക്ഷി സഖ്യത്തിലെ രണ്ട് എംഎൽഎമാരും ഒരു എംപിയും പ്രതിഷേധത്തിൽ പങ്കെടുത്തു.
ചാട്ട പ്രതിഷേധത്തിനു ശേഷം നേതാക്കൾ സെക്രട്ടേറിയറ്റിൽ കുത്തിയിരിപ്പു സമരം നടത്തി. സംവരണ വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തങ്ങളെ കാണാൻ കൂട്ടാക്കുന്നില്ലെന്നാരോപിച്ചായിരുന്നു കുത്തിയിരിപ്പ് പ്രതിഷേധം.
എന്തുകൊണ്ടാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ ആദ്യം ഒരു ആദിവാസിയാണ്, അതിനു ശേഷം മാത്രമാണ് എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമെന്ന് സിർവാൾ പറഞ്ഞു. മുഖ്യമന്ത്രി ഷിൻഡെ പ്രതിഷേധക്കാരെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധന്ഗര് സമുദായം നിലവില്‍ ഒബിസി വിഭാഗത്തിലാണ്. ഇവരെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.