രാഷ്ട്രത്തിനു പിതാവില്ലെന്നു കങ്കണ; രൂക്ഷവിമർശനം
സ്വന്തം ലേഖകൻ
Friday, October 4, 2024 4:11 AM IST
ന്യൂഡൽഹി: ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണൗത്ത് ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ പരാമർശത്തിനെതിരേ രൂക്ഷ വിമർശനം. മുൻ പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെയും ജന്മദിനമായ ഒക്ടോബർ രണ്ടിന് അദ്ദേഹത്തിന് ആദരമർപ്പിച്ചുകൊണ്ട് കങ്കണ പങ്കുവച്ച ഇൻസ്റ്റഗ്രാം ‘സ്റ്റോറി’ യിലാണ് വിവാദ പരാമർശം. ശാസ്ത്രിയുടെ ചിത്രത്തോടൊപ്പം ‘രാജ്യത്തിന് പിതാക്കന്മാരില്ല, പുത്രന്മാരുണ്ട്, ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നായിരുന്നു കങ്കണ കുറിച്ചത്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിച്ചെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽനിന്നടക്കം വൻ വിമർശനമാണു കങ്കണ നേരിടുന്നത്. കങ്കണയുടെ പരാമർശങ്ങൾക്കെതിരേ ബിജെപിതന്നെ രംഗത്തെത്തി. രാഷ്ട്രീയം കങ്കണയ്ക്കു പറ്റിയതല്ലെന്നും അവരുടെ അനാവശ്യവിവാദങ്ങൾ പാർട്ടിക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ബിജെപി നേതാവ് മനോരഞ്ജൻ കാലിയ തുറന്നടിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ ശാസ്ത്രിയും ഗാന്ധിജിയും തമ്മിൽ അന്തരം സൃഷ്ടിക്കുന്ന കങ്കണയെ ഗോഡ്സെ ഭക്ത എന്നാണു കോണ്ഗ്രസ് വക്താവ് സുപ്രിയ ശ്രിനേത്ത് വിശേഷിപ്പിച്ചത്.