ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി നേതാക്കൾ
സ്വന്തം ലേഖകൻ
Thursday, October 3, 2024 1:21 AM IST
ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനെ സ്മരിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ലോക്സഭാ സ്പീക്കർ ഓം ബിർള, ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് തുടങ്ങിയവർ ഇന്നലെ രാവിലെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി.
സത്യം, അഹിംസ, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊണ്ട് രാജ്യത്തിന്റെ വികസനത്തിനായി പരിശ്രമിക്കാമെന്നു രാഷ്ട്രപതി ദ്രൗപതി മുർമു ഗാന്ധിജിയെ അനുസ്മരിച്ചുകൊണ്ട് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. രാജ്ഘട്ടിൽ നടന്ന സർവധർമ പ്രാർഥനയിലും രാഷ്ട്രപതി പങ്കെടുത്തു.
സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും രാജ്യം മുഴുവൻ എന്നും നിലനിൽക്കുമെന്ന് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. സ്വച്ഛ് ഭാരത് മിഷൻ പത്തു വർഷം പിന്നിടുന്ന സാഹചര്യത്തിൽ 10,000 കോടിയുടെ ശുചിത്വ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്നലെ തുടക്കമിട്ടു.
രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സത്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സൗഹാർദത്തിന്റെയും പാതയിലൂടെ എല്ലാവരും ഒന്നിച്ചു സഞ്ചരിക്കണമെന്നു ഗാന്ധിജി പഠിപ്പിച്ചതായി സമൂഹമാധ്യമത്തിൽ കുറിച്ചു. ഗാന്ധിജി ഒരു വ്യക്തിയല്ല, മറിച്ച് ഒരു ജീവിതരീതിയും ചിന്താഗതിയുമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഗാന്ധിജി പകർന്ന ആശയങ്ങൾ നേരിടുന്ന വെല്ലുവിളികളെ ഇന്നു നമ്മൾ നേരിടുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.