‘ഡൽഹി ചലോ’ പദയാത്രയ്ക്കിടെ സോനം വാംഗ്്ചുക്കടക്കം നൂറോളം പേരെ കസ്റ്റഡിയിലെടുത്തു
Wednesday, October 2, 2024 4:10 AM IST
ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാംഗ്്ചുക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഡൽഹി ചലോ’ പദയാത്ര പോലീസ് തടഞ്ഞു. ലഡാക്കിൽനിന്ന് ആരംഭിച്ച പദയാത്ര ഡൽഹി അതിർത്തിയായ സിംഘുവിലെത്തിയപ്പോൾ സോനം വാംഗ്്ചുക്കിനെയും ഒപ്പമുണ്ടായിരുന്ന നൂറോളം പ്രവർത്തകരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു നീക്കുകയായിരുന്നു.
തന്നെയും 150 പദയാത്രികരെയും സമാധാനപരമായ മാർച്ചിനിടെ പോലീസ് തടങ്കലിൽ വച്ചിരിക്കുന്നുവെന്ന് സോനം വാംഗ്്ചുക്ക് തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ച് അറിയിച്ചത്.
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ വിപുലീകരിക്കുക എന്നതായിരുന്നു പദയാത്രയുടെ പ്രധാന ആവശ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിൽ അനുവദിക്കുന്ന സ്വയംഭരണാധികാരം ലഡാക്കിനും നൽകുക എന്നതായിരുന്നു ആറാം ഷെഡ്യൂൾ വിപുലീകരണത്തിലൂടെ പദയാത്ര ലക്ഷ്യമിട്ടത്.
ലഡാക്കിന്റെ സംസ്ഥാനപദവി, ലേ, കാർഗിൽ ജില്ലകൾക്ക് പ്രത്യേക ലോക്സഭാ സീറ്റുകൾ, ലഡാക്കിന് പബ്ലിക് സർവീസ് കമ്മീഷൻ എന്നീ ആവശ്യങ്ങളും പദയാത്രയിൽ ഉന്നയിച്ചിരുന്നു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പദയാത്ര ഇന്ന് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ ഡൽഹി രാജ്ഘട്ടിൽ അവസാനിപ്പിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഡൽഹി അതിർത്തിയിലെത്തിയപ്പോൾ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
അതേസമയം, ലഡാക്കിന്റെ ഭരണഘടനാ അവകാശങ്ങൾക്കുവേണ്ടി സമാധാനപരമായി പദയാത്ര നടത്തിയ നൂറോളമാളുകളെ തടങ്കലിൽവച്ചതിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധിച്ചു.
ലഡാക്കിന്റെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും ഈ ചക്രവ്യൂഹവും താങ്കളുടെ അഹങ്കാരവും തകരുമെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സോനം വാംഗ്ചുക്കിനെ താൻ കാണാൻ ശ്രമിച്ചെന്നും എന്നാൽ പോലീസ് അതിന് അനുവദിച്ചില്ലെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു. പദയാത്രികരെ തടങ്കലിൽവച്ചത് ബിജെപിയുടെ ഏകാധിപത്യത്തിന്റെ തെളിവാണെന്നും ലഡാക്കിനും ഡൽഹിക്കും സംസ്ഥാനപദവി അനുവദിക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.
സോനം വാംഗ്ചുക്കിനെ തടങ്കലിൽ വച്ചതിനെതിരേയുള്ള ഹേബിയസ് കോർപസ് ഹർജി നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും.