ബംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം; മലയാളി യുവാവ് മരിച്ചു
Friday, September 20, 2024 2:38 AM IST
ബംഗളൂരു: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കൊല്ലം പുനലൂർ ഇടമൺ 34 ൽ ആനൂർ തുമ്പിക്കുന്നത്ത് സുജാതന്റെ (ഭാനു) മകൻ സുജയ് സുജാതൻ (34) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.25ന് നോർത്ത് ബംഗളൂരുവിലെ മത്തിക്കെരെയിലുള്ള എംഎസ് രാമയ്യ മെഡിക്കൽ കോളജിലായിരുന്നു സംഭവം. ഒന്നാം നിലയിലുള്ള സിസിയു വാർഡിൽ സുജാതൻ കിടന്നിരുന്ന ബെഡിനു മുകളിലുള്ള എസിയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് പ്രദേശമാകെ പുക വ്യാപിക്കുകയായിരുന്നു. ഇതിനിടെ നഴ്സുമാർ സിസിയുവിലുണ്ടായിരുന്ന 12 രോഗികളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.
മൂന്ന് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണു തീയണച്ചത്. തീപിടിത്തത്തിനു പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് സുജയ് മരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം കാണാൻ ആശുപത്രി അധികൃതർ തങ്ങളെ അനുവദിച്ചില്ലെന്നും മരണവിവരം മറച്ചുവയ്ക്കാൻ അവർ ശ്രമിച്ചതായും ബന്ധുക്കൾ പരാതിപ്പെട്ടു.
അതേസമയം, തീപിടിത്തത്തിൽ സുജയ് മരിച്ചതായുള്ള റിപ്പോർട്ടുകൾ നിഷേധിച്ച ആശുപത്രി അധികൃതർ, തീപിടിത്തത്തിൽ ആളപായമൊന്നും ഉണ്ടായില്ലെന്നും തക്കസമയത്ത് എല്ലാ രോഗികളെയും സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റാനായെന്നും വ്യക്തമാക്കി.
എന്നാൽ, സുജയിന്റെ മരണകാരണം വെളിപ്പെടുത്താനും ആശുപത്രി അധികൃതർ തയാറായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ ഏതാനും നഴ്സുമാർക്കടക്കം പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
വർഷങ്ങളായി സുജയ് സുജാതനും മാതാപിതാക്കളും ബംഗളൂരുവിലാണു താമസം. അവിടെ നൂൽ നിർമാണ കന്പനി നടത്തിവരികയായിരുന്നു. എറണാകുളം സ്വദേശിനിയായ രോഹിണിയാണ് ഭാര്യ. മക്കൾ: ആദി, അതിഥി. വിവരമറിഞ്ഞ് ബന്ധുക്കൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്.