ചന്ദ്രയാൻ 4, ബഹിരാകാശ നിലയം ; ആകാശക്കുതിപ്പിന് പദ്ധതികൾ
Thursday, September 19, 2024 2:19 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തിയ ചന്ദ്രയാൻ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിന് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി.
ചന്ദ്രനിലെ കല്ലും മണ്ണും ശേഖരിച്ചു ഭൂമിയിൽ എത്തിക്കുന്ന ചന്ദ്രയാൻ 4ന് കേന്ദ്രമന്ത്രിസഭ 2104 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വികസനക്കുതിപ്പിന് നിർണായക ഊർജം നൽകുന്ന ദൗത്യത്തോടൊപ്പം ശുക്രനെ വലംവയ്ക്കുന്ന ദൗത്യം, ഗഗൻയാൻ ദൗത്യത്തിന്റെ അടുത്ത ഘട്ടം എന്നിവയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി.
ചന്ദ്രനിൽ ലാൻഡ് ചെയ്തു വിജയകരമായി തിരികെയെത്തിക്കുന്ന ചന്ദ്രയാൻ 4 ഇന്ത്യയുടെ ബഹിരാകാശ വികസനനേട്ടങ്ങളിലെ നാഴികക്കല്ലായിരിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. ദൗത്യം പൂർത്തീകരിക്കുന്നതിന് 36 മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
ശുക്രനെ വലംവച്ച് അവിടത്തെ അന്തരീക്ഷത്തെയും ഭൂമിശാസ്ത്രത്തെയുംപറ്റി പഠിക്കാനുള്ള ദൗത്യപേടകം 2028ഓടെ വിക്ഷേപിക്കാനാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) തയാറെടുത്തിരിക്കുന്നത്.
ശാസ്ത്ര ഗവേഷണങ്ങൾക്കായി ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷനും (ബിഎഎസ്) സർക്കാരിന്റെ അനുമതി ലഭിച്ചു. നിലവിൽ അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമാണ് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ നിലയങ്ങളുള്ളത്. ഈ രാജ്യങ്ങളോടൊപ്പം ബഹിരാകാശത്തു പേരെഴുതി ചേർക്കുന്ന നേട്ടമാണ് ബിഎഎസിന്റെ നിർമാണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കുന്ന രാജ്യത്തിന്റെ സ്വപ്നപദ്ധതിയായ ഗഗൻയാന്റെ അടുത്ത ഘട്ടങ്ങളിലേക്കുള്ള പദ്ധതികൾക്കും അംഗീകാരം ലഭിച്ചു. ഇവയോടൊപ്പം അത്യാധുനിക സാങ്കേതികവിദ്യകളോടുകൂടിയ വിക്ഷേപണ വാഹനത്തിന്റെയും നിർമാണത്തിന് മോദി സർക്കാർ അനുമതി നൽകിയിട്ടുണ്ട്.