അതിഷിക്കെതിരേ പരാമർശങ്ങൾ; സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് എഎപി
Wednesday, September 18, 2024 1:57 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അതിഷിക്കതിരേ വിവാദ പരാമർശങ്ങൾ നടത്തിയ രാജ്യസഭാ എംപി സ്വാതി മലിവാളിന്റെ രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (എഎപി).
സ്വാതിയെ രാജ്യസഭയിലേക്ക് അയച്ചത് എഎപിയാണെന്നും എന്നാൽ അവർ വായിക്കുന്നത് ബിജെപി എഴുതി നൽകിയ തിരക്കഥയാണെന്നും മുതിർന്ന എഎപി നേതാവ് ദിലീപ് പാണ്ഡെ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിന് പിന്നാലെ അതിഷിയെ ’ഡമ്മി മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് സ്വാതി രംഗത്തു വന്നിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ വധശിക്ഷയിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ചവരാണ് അതിഷിയുടെ മാതാപിതാക്കളെന്നും സ്വാതി ആരോപിച്ചു.
സ്വാതിക്ക് അല്പമെങ്കിലും നാണമുണ്ടെങ്കിൽ എഎപിയുടെ കനിവിൽ ലഭിച്ച രാജ്യസഭാ സീറ്റ് രാജി വയ്ക്കണമെന്ന് എഎപി നേതാക്കൾ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിൽവച്ച് അദ്ദേഹത്തിന്റെ സെക്രട്ടറി മർദിച്ചതിനെ തുടർന്നാണ് സ്വാതിയും പാർട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ തീവ്രമായത്. പിന്നീട് എഎപിയെ പല തവണ വിമർശിച്ച് സ്വാതി രംഗത്തു വന്നിരുന്നു.