പിഎം വിശ്വകർമ പദ്ധതിയിൽ 2.36 കോടി അംഗങ്ങൾ: ശോഭ കരന്ദ്ലജെ
Wednesday, September 18, 2024 12:06 AM IST
ന്യൂഡൽഹി: കരകൗശല വിദഗ്ധർക്കും കൈത്തൊഴിലാളികൾക്കും ആദ്യാവസാന പിന്തുണ നൽകുന്ന സമഗ്ര പദ്ധതിയായ പിഎം വിശ്വകർമയിൽ 11 മാസംകൊണ്ട് 2.36 കോടി പേരാണ് അംഗങ്ങളായതെന്ന് കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക സഹമന്ത്രി ശോഭ കരന്ദ്ലജെ അറിയിച്ചു.
ഇതിൽ 17.16 ലക്ഷം ഗുണഭോക്താക്കൾ മൂന്ന് ഘട്ട പരിശോധനാ പ്രക്രിയയ്ക്കുശേഷം വിജയകരമായി രജിസ്റ്റർ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 2023ൽ പദ്ധതി ആരംഭിച്ചപ്പോൾ, അഞ്ച് വർഷത്തിനുള്ളിൽ 30 ലക്ഷം ഗുണഭോക്താക്കളെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയം, നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ് എന്നീ മന്ത്രാലയങ്ങളാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾ ക്കുമിടയിൽ തുടർച്ചയായ ഏകോപനവും ക്രിയാത്മകമായ സഹകരണവുമുണ്ട്.
‘സാമർഥ്യം’ കെട്ടിപ്പടുക്കുന്നതിന്, കരകൗശല വിദഗ്ധരുടെയും കൈത്തൊഴിലാളികളുടെയും നൈപുണ്യ വികസനത്തിനു പദ്ധതി വിഭാവനം ചെയ്യുന്നു. ഗുണഭോക്താക്കൾക്ക് അതത് മേഖലകളിലെ പ്രമുഖ പരിശീലകർ ഉന്നത നിലവാരമുള്ള ആറു ദിവസത്തെ പരിശീലനം നൽകുന്നു.
ഗുണഭോക്താക്കൾക്ക് പ്രതിദിനം 500 രൂപ സ്റ്റൈപ്പൻഡും 1000 രൂപ യാത്രാബത്തയും നൽകുന്നു. കൂടാതെ, പരിശീലനസമയത്ത് ഗുണഭോക്താക്കൾക്ക് യാത്രാ-താമസ സൗകര്യങ്ങൾക്ക് പൂർണമായും സൗജന്യമാണ്.
കരകൗശല വിദഗ്ധരെയും കൈത്തൊഴിലാളികളെയും അതത് മേഖലകളിൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിന് പണിയായുധപ്പെട്ടിക്ക് 15,000 രൂപ വരെ ആനുകൂല്യം നൽകുന്നു.
കൂടാതെ അഞ്ച് ശതമാനം പലിശനിരക്കിൽ രണ്ട് ഗഡുക്കളായി മൂന്നു ലക്ഷം രൂപ വരെ ഈടുരഹിത വായ്പ നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.