നാഗമംഗല സംഘർഷം: പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി
Wednesday, September 18, 2024 12:06 AM IST
കലബുറാഗി: നാഗമംഗല സംഘർഷത്തിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷത്തിന്റെ എല്ലാ വശവും പരിശോധിക്കും. ആരെയും സംരക്ഷിക്കില്ല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വസ്തുതകൾ പരിശോധിച്ച് നടപടിയെടുക്കും- പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാണ്ഡ്യയിലെ നാഗമംഗല ടൗണിലാണ് ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഘോഷയാത്രയ്ക്കു നേരേ കല്ലേറുണ്ടാകുകയും ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തത്. തുടർന്ന് വലിയ അക്രമങ്ങൾ അരങ്ങേറി. 25 കടകൾക്കും വാഹനങ്ങൾക്കും തീയിട്ടിരുന്നു.