അദിതിയും സിദ്ധാർഥും വിവാഹിതരായി
Tuesday, September 17, 2024 1:49 AM IST
ന്യൂഡൽഹി: നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹിതരായി. തെലുങ്കാനയിലെ വനപർഥിയിലെ ശ്രീരംഗപുരത്തെ ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. അദിതി(37)യും 45 കാരനായ സിദ്ധാർത്ഥും സംയുക്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് വിവാഹ വാർത്ത അറിയിച്ചത്.
“നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. എന്നെന്നും സ്നേഹം നിറഞ്ഞ പ്രാണപ്രിയരായി നിലനിൽക്കാൻ, എപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരിയോടെ ജീവിക്കാൻ... അനന്തമായ സ്നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും.
ഇനി മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു”- ചിത്രങ്ങൾക്കൊപ്പം ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ദന്പതികൾ ധരിച്ചിരുന്നത്.
2021ൽ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.