ഛത്തീസ്ഗഡിൽ എംബിബിഎസ് ഇനി ഹിന്ദിയിലും
Sunday, September 15, 2024 2:27 AM IST
റായ്പുർ: ചത്തീസ്ഗഡിൽ ഈ വർഷം മുതൽ എംബിബിഎസ് ഹിന്ദിയിലും പഠിക്കാമെന്നു മുഖ്യമന്ത്രി വിഷ്ണു ദിയോ സായി.
ഹിന്ദി ദിവസിന്റെ ഭാഗമായി തന്റെ വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിലും വേണമെന്ന് യുപിയിൽ 2022 ൽ നടന്ന ഒരു റാലിയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി ഓർമിച്ചു.
ഈ സാഹചര്യത്തിലാണു സുപ്രധാന തീരുമാനം. ഹിന്ദിയിലുള്ള മെഡിക്കൽ പുസ്തകങ്ങൾ ഈ വർഷം മുതൽ ആദ്യവർഷ വിദ്യാർഥികൾക്കു ലഭ്യമാക്കും. ഇതിനായി ആരോഗ്യവകുപ്പിനു നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.