സിക്ക് കൂട്ടക്കൊല : 40 വർഷത്തിനുശേഷം ടൈറ്റ്ലർക്കെതിരേ കൊലക്കുറ്റം
Saturday, September 14, 2024 3:04 AM IST
ന്യൂഡൽഹി: 1984ലെ സിക്ക് വിരുദ്ധകലാപത്തിൽ വടക്കൻ ഡൽഹിയിലെ പുൽ ബംഗശിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവൻ നഷ്ടമായെന്ന കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലർക്കെതിരേ കൊലക്കുറ്റം ചുമത്തി.
അനധികൃതമായി സംഘം ചേരൽ, കലാപാഹ്വാനം, വീട് ആക്രമിച്ച് കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്താൻ റൗസ്അവന്യു കോടതി പ്രത്യേക ജഡ്ജി രാകേഷ് സിയാൽ നിർദേശിച്ചു.
ടൈറ്റ്ലർക്കെതിരേയുള്ള നടപടികൾക്കു മതിയായ തെളിവുകളുണ്ടെന്നു കഴിഞ്ഞ 30 നു കോടതി പറഞ്ഞിരുന്നു.
വടക്കൻ ഡൽഹിയിലെ പുൽ ബംഗശിലുള്ള ഗുരുദ്വാര ആസാദ് മാർക്കറ്റിൽ 1984 നവംബർ ഒന്നിനു നടന്ന കൊലപാതകത്തിൽ കഴിഞ്ഞ വർഷം മേയ് 20ന് ടൈറ്റ്ലർക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
1984 ഒക്ടോബർ 31നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിക്ക് തീവ്രവാദികൾ വെടിവച്ചുകൊലപ്പെടുത്തിയതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിക്ക് വിരുദ്ധ കലാപം ഉടലെടുത്തിരുന്നു.
ഗുരുദ്വാരയ്ക്ക് പുറത്ത് ഒത്തുചേർന്ന അക്രമികളെ എംപിയായിരുന്ന ടൈറ്റ്ലർ പ്രകോപിപ്പിക്കുന്നതിന് ദൃക്സാക്ഷികളുണ്ടെന്ന് സിബിഐ പറഞ്ഞു.
തീപ്പന്തങ്ങളും മണ്ണെണ്ണ കന്നാസുകളും മാരകായുധങ്ങളുമായി നിൽക്കുകയായിരുന്ന സംഘം സിക്കുകാരെ വകവരുത്തണമെന്ന ടൈറ്റ്ലറുടെ ആഹ്വാനങ്ങളെ തുടർന്ന് അക്രമാസക്തരായി. മൂന്ന്പേരെ മർദിച്ചവശരാക്കി പെട്രോളിച്ച് കത്തിച്ചുവെന്നാണ് ദൃക്സാക്ഷി മൊഴി.