ആഗ്രയെ പൈതൃകനഗരമായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി
Saturday, September 14, 2024 3:04 AM IST
ന്യൂഡൽഹി: താജ്മഹലും ചരിത്രപ്രാധാന്യമുള്ള മുഗൾ നിർമിതികളുമടങ്ങുന്ന ഉത്തർപ്രദേശിലെ ആഗ്ര നഗരത്തെ പൈതൃകനഗരമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 1984ൽ നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.
പൈതൃക നഗരം എന്ന പദവി ലഭിക്കുന്നതിലൂടെ നഗരത്തിന് എന്തെങ്കിലും പ്രത്യേക പ്രയോജനങ്ങൾ ലഭിക്കുമെന്നു തെളിയിക്കുന്ന രേഖകളൊന്നും കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നു ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, ഉജ്വൽ ഭൂയൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ലോകാത്ഭുതമായ താജ്മഹലും ആയിരം വർഷത്തിലധികം പഴക്കമുള്ള സമീപത്തെ മന്ദിരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണു പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. എന്നാൽ ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ എന്തൊക്കെയാണു നേട്ടമെന്നും നഗരം കൂടുതൽ വൃത്തിയാകുമോയെന്നും കോടതി ആരാഞ്ഞു.