റാസയുടെ പെയിന്റിംഗ് മോഷണംപോയി; മൂല്യം രണ്ടരക്കോടി
Thursday, September 12, 2024 5:17 AM IST
മുംബൈ: പ്രശസ്ത ചിത്രകാരൻ സയ്യിദ് ഹൈദർ റാസയുടെ, രണ്ടരക്കോടിയിലേറെ രൂപ വിലവരുന്ന പെയിന്റിംഗ് മോഷണംപോയി.
സൗത്ത് മുംബൈയിലെ വെയർഹൗസിൽനിന്നാണു മോഷണംപോയത്. 1992ലെ റാസയുടെ ‘പ്രകൃതി’ എന്ന വിഖ്യാത ചിത്രമാണു മോഷ്ടാക്കൾ കവർന്നിരിക്കുന്നത്.
സ്വകാര്യ കമ്പനിയായ അസ്തഗുരു ഓക്ഷൻ ഹൗസിന്റെ പക്കലായിരുന്ന ചിത്രം ഇവരുടെ വെയർഹൗസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ദ്രവീർ എന്നയാളായിരുന്നു ചിത്രത്തിന്റെ അവകാശി. ഇയാൾ 2020ൽ ലേലം ചെയ്യുന്നതിനായി അസ്തഗുരു ഓക്ഷൻ ഹൗസിനു കൈമാറുകയായിരുന്നു. 2022 മാർച്ചിലാണ് ഈ ചിത്രം അവസാനമായി കണ്ടതെന്ന് പറയുന്നു.
ഈ വർഷം ചിത്രം ലേലത്തിനുവയ്ക്കാൻ ഉടമ ആവശ്യപ്പെട്ടതോടെയാണ് മോഷണംപോയ വിവരം അറിയുന്നത്. വെയർഹൗസിൽ സൂക്ഷിച്ചിരിക്കുന്ന 1,500 ഓളം കലാസൃഷ്ടികളിൽനിന്ന് ചിത്രം കണ്ടെടുക്കാനായില്ല. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.