റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ, സ്ഫോടകവസ്തുക്കൾ; ഒഴിവായതു വൻ ദുരന്തം
Tuesday, September 10, 2024 1:49 AM IST
കാൻപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ കാളിന്ദി എക്സ്പ്രസ് ട്രെയിനിലെ ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടൽമൂലം ഒഴിവായത് വലിയൊരു ദുരന്തം.
റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ കുറുകെയിട്ട് അപകടമുണ്ടാക്കാനുള്ള ശ്രമമാണ് എമർജൻസി ബ്രേക്കിട്ട് ലോക്കോപൈലറ്റ് പരാജയപ്പെടുത്തിയത്.
ട്രെയിൻ സിലിണ്ടറിലിടിച്ചെങ്കിലും ബോഗികൾ പാളം തെറ്റിയില്ല. ഞായറാഴ്ച രാത്രി 8.30ന് ശിവരാജ്പുരിൽ ബാരജ്പുരിനും ബിൽഹൗറിനുമിടയിലായിരുന്നു സംഭവം. കാൻപുരിലെ അൻവർഗഞ്ചിൽനിന്നു ഭീവണ്ടിയിലേക്കുപോവുകയായിരുന്നു ട്രെയിൻ.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെയെത്തിയ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഐജി നീലഭ്ഝാ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തിനു സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ബോക്സും പെട്രോൾ നിറച്ച കുപ്പിയും ബാഗും കണ്ടെത്തി.