ലക്നോയിൽ കെട്ടിടം തകർന്നുവീണു മരിച്ചവരുടെ എണ്ണം എട്ടായി
Monday, September 9, 2024 2:42 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലക്നോയിൽ കെട്ടിടം തകർന്നുവീണു മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ രാത്രി മൂന്നു പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെയാണ് മരണം എട്ടായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ട്രാൻസ്പോർട്ട് നഗർ പ്രദേശത്ത് മൂന്നുനിലക്കെട്ടിടം തകർന്നു വീണത്. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെയെല്ലാം രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു.
അപകടസ്ഥലവും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു. നാലുവർഷം മുന്പ് നിർമിച്ച കെട്ടിടമാണു തകർന്നുവീണത്. അപകടം നടക്കുന്പോൾ കെട്ടിടത്തിൽ ചില നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നതായി പോലീസ് പറഞ്ഞു.അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.