ഹരിയാനയിൽ കോൺഗ്രസ്-എഎപി സഖ്യം
Monday, September 9, 2024 2:42 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും സഖ്യത്തിൽ മത്സരിക്കും. എഎപിക്ക് അഞ്ചു സീറ്റ് നല്കും. സഖ്യപ്രഖ്യാപനം ഇന്നുണ്ടായേക്കും. പത്തു സീറ്റിനായി കടുംപിടിത്തം തുടർന്ന എഎപി ഒടുവിൽ അഞ്ച് സീറ്റിനു വഴങ്ങുകയായിരുന്നു. ഏഴു സീറ്റുവരെ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് ഹരിയാനയിൽ എഎപിയുമായി സഖ്യമുണ്ടാക്കുന്നത്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് എഎപിയെ കൂടെക്കൂട്ടാൻ അത്ര താത്പര്യമില്ലായിരുന്നു. എന്നാൽ, ബിജെപിക്കെതിരേയുള്ള വോട്ടുകൾ ഭിന്നിക്കരുതെന്ന നിലപാടായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിനുണ്ടായിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാന, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഖ്യത്തിലായിരുന്നു എഎപി മത്സരിച്ചത്.
എന്നാൽ, മൂന്നു സംസ്ഥാനത്തും ഒരു സീറ്റിലും വിജയിക്കാൻ എഎപിക്കായില്ല. ഒറ്റയ്ക്കു മത്സരിച്ച പഞ്ചാബിൽ രണ്ടു സീറ്റിൽ വിജയിക്കുകയും ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിൽ എഎപിയിലെ സുശീൽ ഗുപ്ത ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ബിജെപിയിലെ നവീൻ ജിൻഡാലിനോട് ചെറിയ വ്യത്യാസത്തിൽ തോറ്റു. ഈ സീറ്റിൽ തങ്ങൾ മത്സരിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വാദം.