പാക്കിസ്ഥാൻ സമുദ്രാതിർത്തിയിൽ എണ്ണ-വാതക ശേഖരം
Sunday, September 8, 2024 1:42 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സമുദ്രാതിർത്തിയിൽ വൻതോതിൽ എണ്ണ, വാതക ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്. ലോകത്തിലെ തന്നെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാണ് ഈ കണ്ടെത്തലെന്നാണു പാക് മാധ്യമമായ "ദ ഡോണ്‍’റിപ്പോർട്ട് ചെയ്യുന്നത്.
എണ്ണ, വാതക ശേഖരത്തിന്റെ സാന്നിധ്യം പരിശോധിക്കാൻ ഒരു സൗഹൃദരാജ്യവുമായി സഹകരിച്ച് മൂന്നു വർഷത്തെ സർവേ നടത്തിയതായി പത്രത്തിന്റെ റിപ്പോർട്ടിലുണ്ട്.
പര്യവേക്ഷണത്തിനും ലേലത്തിനുമുള്ള നിർദേശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയിൽത്തന്നെ പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. എങ്കിലും കിണർ കുഴിക്കുന്നതിനും എണ്ണ പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് വർഷങ്ങളെടുക്കും.
വെനസ്വേല, സൗദി അറേബ്യ, ഇറാൻ, കാനഡ, ഇറാക്ക്, കുവൈറ്റ്, റഷ്യ, അമേരിക്ക എന്നിവയാണ് എണ്ണശേഖരത്തിൽ മുന്നിലുള്ള രാജ്യങ്ങൾ.