വേളാങ്കണ്ണി ബസിലിക്കയിൽ തിരുനാൾ ഇന്നും നാളെയും
Saturday, September 7, 2024 1:54 AM IST
നാഗപട്ടണം: ലോകപ്രസിദ്ധമായ വേളാങ്കണ്ണി ആരോഗ്യമാത തീർഥാടനകേന്ദ്രത്തിലെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും.
ഇന്നു വൈകുന്നേരം 5.15നു ജപമാല, ആരാധന, നൊവേന, തുടർന്ന് തഞ്ചാവൂർ രൂപതാധ്യക്ഷൻ ഡോ. സഹായരാജിന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുര്‍ബാന അർപ്പിക്കും. രാത്രി ഒന്പതിനു ബസിലിക്ക ഓഡിറ്റോറിയത്തിൽ ബൈബിൾ അടിസ്ഥാനമാക്കിയ കലാപരിപാടികൾ നടക്കും.
തിരുനാൾദിനമായ നാളെ രാവിലെ ആറുമണിക്കു ബിഷപ് ഡോ. സഹായരാജിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾകുർബാന ഉണ്ടാകും. വൈകുന്നേരം ആറിനു കൊടിയിറക്കം.
6.15നു ബസിലിക്കയുടെ താഴത്തെ നിലയിലെ ദേവാലയത്തിൽ മാതാവിന്റെ നൊവേനയും ദിവ്യകാരുണ്യആരാധനയും തുടർന്ന് കുര്‍ബാനയും ഉണ്ടായിരിക്കും. പതിനേഴു മണിക്കൂർ കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ പള്ളിയിൽ ഒരുക്കിയിട്ടുണ്ട്.
10 വരെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വേളാങ്കണ്ണിക്കു പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളം, ആന്ധ്ര, കർണാടക അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുവരുന്ന സഞ്ചാരികൾക്കു വേളാങ്കണ്ണിയിലെ വിവിധ ദേവാലയങ്ങളിൽ അവരുടെ ഭാഷയിൽ കുർബാന കാണാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നു ബസിലിക്ക വൈസ് റെക്ടറും വികാരിയുമായ ഫാ. എസ്. അറബുദരാജ് അറിയിച്ചു.