ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി; മുൻ മന്ത്രി രഞ്ജിത് ചൗട്ടാലയും എംഎൽഎ ലക്ഷ്മൺ നാപയും പാർട്ടി വിട്ടു
Friday, September 6, 2024 1:51 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച രഞ്ജിത് സിംഗ് ചൗട്ടാലയും ലക്ഷ്മണ് ദാസ് നാപയും ബിജെപി വിട്ടു.
മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനും പ്രബല ജാട്ട് നേതാവുമായ രഞ്ജിത് ചൗട്ടാല സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിനാണു ഹരിയാനയിൽ വോട്ടെടുപ്പ്.
സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പിന്നാക്ക നേതാവും മുൻ മന്ത്രിയുമായ കരണ്‍ ദേവ് കാംബോജ് ഇന്നലെ ബിജെപിയുടെ ഒബിസി മോർച്ച അധ്യക്ഷസ്ഥാനം രാജിവച്ചു. ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും ബിജെപിയിലെ മറ്റെല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവച്ചതായി കാംബോജ് പറഞ്ഞു.
സിർസ ജില്ലയിലെ റാനിയയിൽനിന്നുള്ള എംഎൽഎയായ രഞ്ജിത് ചൗട്ടാല വിമതനായി മത്സരത്തിനിറങ്ങിയതോടെ ബിജെപി കടുത്ത പ്രതിസന്ധിയിലായി. പാർട്ടിയിൽനിന്നു രാജിവച്ച ഫത്തേഹാബാദ് ജില്ലയിലെ റാതിയ മണ്ഡലത്തിൽനിന്നുള്ള സിറ്റിംഗ് എംഎൽഎ ലക്ഷ്മണ് ദാസ് നാപ കോണ്‍ഗ്രസിൽ ചേരുമെന്നു പ്രഖ്യാപിച്ചതും ബിജെപിക്കു തിരിച്ചടിയായി.
ഡൽഹിയിലെത്തി കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയുമായി ചർച്ച നടത്തിയ ശേഷമാണു നാപ കോണ്‍ഗ്രസിൽ ചേരുമെന്നു പ്രഖ്യാപിച്ചത്. നാപയ്ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നൽകിയേക്കും.
പ്രവർത്തകരുമായി ആലോചിച്ചശേഷമാണു മന്ത്രിസ്ഥാനവും ബിജെപി അംഗത്വവും രാജിവച്ച് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതെന്ന് രഞ്ജിത് സിംഗ് ചൗട്ടാല വ്യക്തമാക്കി. ഹരിയാനയിൽ ബിജെപി സർക്കാരിനെതിരേ പ്രകടമായ ഭരണവിരുദ്ധ വികാരം ഉള്ളപ്പോഴാണു പാർട്ടിയിൽ വിമതപ്രശ്നവും രൂക്ഷമായിരിക്കുന്നത്.
ഹിമാചൽപ്രദേശിൽ സംഭവിച്ചതുപോലെ ഹരിയാനയിലും ബിജെപിയുടെ സാധ്യതകൾക്കു വിമതർ മങ്ങലേൽപ്പിക്കുമെന്നാണു സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ പത്തു സീറ്റുകളിൽ ബിജെപിയും കോണ്‍ഗ്രസും അഞ്ചുവീതം സീറ്റുകളിലാണു ജയിച്ചത്.
2014ലും 2019ലും പത്തിൽ പത്തും സീറ്റു നേടിയ ബിജെപിക്ക് ഇക്കുറി പകുതി സീറ്റ് നഷ്ടമായതു ജനവികാരത്തിന്റെ സൂചനയായിരുന്നു.
ചൗട്ടാലയുടെ റാനിയ സീറ്റിൽ ശിഷ്പാൽ കാംബോജിനെയാണ് ബിജെപി സ്ഥാാനാർഥിയാക്കിയത്. ഹിസാറിൽനിന്നു ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്കു മത്സരിച്ച ചൗട്ടാല പരാജയപ്പെട്ടിരുന്നു.
സ്വതന്ത്ര എംഎൽഎ ആയിരുന്ന ചൗട്ടാല എംഎൽഎസ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നശേഷമാണു ലോക്സഭയിലേക്ക് സ്ഥാനാർഥിയായത്. ചൗധരി ദേവി ലാലിന്റെ മകനാണു താനെന്നും തനിക്കുള്ള ജനപിന്തുണ തെളിയിക്കുമെന്നും ചൗട്ടാല പറഞ്ഞു.
“ബിജെപിയുമായി നല്ല ബന്ധമുണ്ടായിരുന്നു. ആരുടെ ഉപദേശപ്രകാരമാണ് അവരെനിക്ക് ലോക്സഭാ ടിക്കറ്റ് നൽകിയതെന്ന് അറിയില്ല. ആ ഉപദേശം നൽകിയവർ ബിജെപിക്കു നാശം വരുത്തി. മന്ത്രിസ്ഥാനം രാജിവച്ചു. ബിജെപി വിട്ടു വീണ്ടും മത്സരിക്കാനാണു തീരുമാനം’’- ചൗട്ടാല പത്രലേഖകരോട് പറഞ്ഞു.