എംബിബിഎസ് പാഠ്യപദ്ധതിയിലെ വിവാദ നിർദേശങ്ങൾ പിൻവലിച്ചു
Friday, September 6, 2024 1:50 AM IST
ന്യൂഡൽഹി: പുതിയ അധ്യയനവർഷത്തിനു മുന്നോടിയായി എംബിബിഎസ് വിദ്യാർഥികൾക്കായി ദേശീയ മെഡിക്കൽ കമ്മീഷൻ പ്രസിദ്ധീകരിച്ച കോംപിറ്റൻസ് ബേസ്ഡ് മെഡിക്കൽ എഡ്യുക്കേഷൻ കരിക്കുലത്തിലെ വിവാദ ഭാഗങ്ങൾ പിൻവലിച്ചു.
എംബിബിഎസ് വിദ്യാർഥികൾക്കുള്ള ഫോറൻസിക് മെഡിസിൻ, ടോക്സിക്കോളജി പാഠ്യപദ്ധതിയിൽ നിരവധി വിവാദ വിഷയങ്ങൾ പുനഃസ്ഥാപിക്കുന്നതിനെ വിദഗ്ധരും സാമൂഹ്യപ്രവർത്തകരും വിമർശിച്ചതിനു പിന്നാലെയാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ തീരുമാനം.
ഈ വിഷയങ്ങളിൽ സ്വവർഗാനുരാഗത്തെ പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യമായി പരാമർശിക്കുന്നു. കന്യകാത്വ പരിശോധന, കന്യാചർമത്തിന്റെ പ്രാധാന്യം, കന്യകാത്വത്തിന്റെ നിർവചനം, 2022ൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശങ്ങൾക്കുശേഷം ഒഴിവാക്കിയ നിർവചനം തുടങ്ങിയ വിവാദ വിഷയങ്ങളും പുതിയ പാഠ്യപദ്ധതി തിരികെ കൊണ്ടുവന്നിരുന്നു.
മാർഗനിർദേശങ്ങൾ പുതുക്കി നിശ്ചയിക്കുമെന്നും വൈകാതെ അപ്ലോഡ് ചെയ്യുമെന്നും മെഡിക്കൽ കമ്മീഷൻ അറിയിച്ചു.