ശിവാജിപ്രതിമ: ശില്പിയെ പിടികൂടാൻ ഏഴംഗ സംഘം
Thursday, September 5, 2024 2:49 AM IST
മുംബൈ: സിന്ധുദുർഗ് ജില്ലയിലെ മാൽവനിൽ രാജ്കോട്ട് ഫോർട്ടിൽ സ്ഥാപിച്ചിരുന്ന ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന സംഭവത്തിനുപിന്നാലെ ഒളിവിൽപോയ ശില്പിയും കരാറുകാരനുമായ ജയദീപ് ആപ്തെയെ(24) പിടികൂടാൻ ഏഴ് അന്വേഷണ സംഘങ്ങളെ നിയമിച്ച് പോലീസ്.
ഓഗസ്റ്റ് 26നാണ് പ്രതിമ തകർന്നത്. ശില്പിയെ പിടികൂടാൻ സിന്ധുദുർഗ് പോലീസ് ലുക്കൗട്ട് പോസ്റ്റർ പുറത്തുവിട്ടിരുന്നു. അറസ്റ്റ് ചെയ്യാൻ താനെ ജില്ലയിലെ കല്യാണിലെത്തിയ പോലീസ് ആപ്തെയുടെ വസതി പൂട്ടിക്കിടക്കുന്നതായാണു കണ്ടത്.
രാജ്കോട്ടിൽ 35 അടി ഉയരമുള്ള ശിവജിയുടെ പൂർണകായ പ്രതിമ കഴിഞ്ഞവർഷം ഡിസംബർ നാലിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്. പ്രതിമ തകർന്നതോടെ ആപ്തെയ്ക്കെതിരേയും നിർമാണച്ചുമതല വഹിച്ച കൺസൾട്ടന്റ് ചേതൻ പാട്ടീലിനെതിരേയും മാൽവൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പാട്ടീലിനെ കോലാപുരിൽനിന്നു കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ ശിവാജിപ്രതിമ തകർന്ന വിഷയം വലിയ കോളിളക്കം സൃഷ്ടിച്ചിണ്ടുണ്ട്.