"ഡോക്ടർമാർ രാത്രി തനിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോകരുത് '; വിവാദ നിർദേശം പിൻവലിച്ച് ആസാം ആശുപത്രി
Thursday, August 15, 2024 1:25 AM IST
ഗോഹട്ടി: വനിതാ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർ രാത്രികാലങ്ങളിൽ തനിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോകരുതെന്ന വിചിത്ര നിർദേശവുമായി ആസാമിലെ സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രി.
കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നാണ് സിൽചാർ ആശുപത്രിയുടെ പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ. ഭാസ്കർ ഗുപ്തയുടെ നിർദേശം പുറത്തുവന്നത്.
എന്നാൽ വ്യാപക പ്രതിഷേധമുയർന്നതോടെ സർക്കുലർ പിൻവലിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അറിയിപ്പിലുണ്ട്.ഒറ്റപ്പെട്ടതോ വെളിച്ചമില്ലാത്തതോ ആളനക്കം കുറവുള്ളതോ ആയ മേഖലകളിലേക്ക് വനിതാ ജീവനക്കാരും വിദ്യാർഥിനികളും പോകരുതെന്നാണ് സർക്കുലറിൽ ഉള്ളത്.
മുൻകൂട്ടി വിവരം അറിയിച്ചശേഷമേ അത്യാവശ്യ കാര്യങ്ങൾക്ക് രാത്രി സമയത്ത് ഹോസ്റ്റലിൽനിന്നു പുറത്തു പോകാവൂ എന്നും നിർദേശമുണ്ട്.
ഹോസ്റ്റലിൽ താമസിക്കുന്നവർ അവിടത്തെയും കോളജിലെയും നിയമങ്ങൾ കർശനമായി പാലിക്കണം. അടിയന്തര ഘട്ടങ്ങളിൽ വിളിക്കാനുള്ള എമർജൻസി നന്പറുകൾ എപ്പോഴും ഫോണിൽ സൂക്ഷിക്കണമെന്നും ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും പ്രിൻസിപ്പൽ വിശദീകരിച്ചിരുന്നു.