അർജുന്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി
Wednesday, August 14, 2024 2:03 AM IST
കാർവാർ (കർണാടക): ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയുടെ ഭാഗങ്ങൾ ഗംഗാവലിപ്പുഴയിൽനിന്നു കണ്ടെത്തി.
രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം തെരച്ചിൽ പുനരാരംഭിച്ച പ്രാദേശിക മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപേയുടെ നേതൃത്വത്തിലുള്ള സംഘമാണു ഹൈഡ്രോളിക് ജാക്കിയും മറ്റു രണ്ടു ഭാഗങ്ങളും കണ്ടെത്തിയത്. ഇവ മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു.
പുഴയിലെ ഒഴുക്കു കുറഞ്ഞ സാഹചര്യത്തിൽ അർജുനും കാണാതായ മറ്റു രണ്ടു പേർക്കുമായുള്ള തെരച്ചിൽ പുനരാരംഭിക്കാൻ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായിരുന്നു. നാവികസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്താനായിരുന്നു തീരുമാനമെങ്കിലും അവരുടെ ഭാഗത്തുനിന്നു താത്പര്യക്കുറവുണ്ടായിരുന്നതായാണു സൂചന.
തുടർന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ അഭ്യർഥന പ്രകാരമാണ് ഈശ്വർ മാൽപേയുടെ സംഘം വീണ്ടും തെരച്ചിലിനിറങ്ങിയത്. ഇന്നു മുതൽ നാവികസേനയും തെരച്ചിലിന്റെ ഭാഗമാകുമെന്നാണു സൂചന.
പുഴയിൽനിന്നു ലഭിച്ച ഭാഗങ്ങൾ അർജുന്റെ ലോറിയുടേതുതന്നെയാണെന്നു ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണു തെരച്ചിൽ തുടങ്ങിയത്. ഈശ്വർ മാൽപേയും ഒപ്പമുള്ള മൂന്നു പേരും മൂന്നു തവണയാണുണ് പുഴയിൽ മുങ്ങിത്തപ്പിയത്. ഒഴുക്ക് കുറഞ്ഞതിനാൽ പുഴയുടെ അടിത്തട്ടിലെ സാധനങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.
എന്നാൽ, ഒരു ഭാഗത്ത് മരത്തിന്റെയും വൈദ്യുത കമ്പിയുടെയും ഭാഗങ്ങളും മണ്ണും മൂടിയിട്ടുണ്ട്. ഇന്നു രാവിലെതന്നെ തെരച്ചിൽ പുനരാരംഭിക്കുമെന്നും വെയിലുണ്ടെങ്കിൽ കാര്യങ്ങൾക്കു കൂടുതൽ വ്യക്തതയുണ്ടാകുമെന്നും അവർ പറഞ്ഞു. പ്രാദേശിക മത്സ്യത്തൊഴിലാളികളും നാട്ടുകാരും സഹായത്തിനായി ഒപ്പമുണ്ട്.
സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫും സ്ഥലത്തുണ്ട്. അർജുന്റെ ബന്ധുക്കളും ഇന്നലെ സ്ഥലത്തെത്തിയിട്ടുണ്ട്.