ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; അന്വേഷണം സിബിഐക്കു കൈമാറി ഹൈക്കോടതി
Wednesday, August 14, 2024 1:50 AM IST
കോൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പി ജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറാൻ കോൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്.
കേസ് ഡയറി ഉൾപ്പെടെ രേഖകൾ അടിയന്തരമായി സിബിഐക്കു നൽകണം.വൈകുന്നേരത്തിനകം കേസ് ഡയറി കൈമാറണമെന്നാണ് ഇന്നലെ കോടതി നിർദേശിച്ചത്. അവശേഷിച്ച രേഖകൾ ഇന്നു പത്തുമണിക്കകം നൽകണം.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡോക്ടറുടെ മാതാപിതാക്കൾ നൽകിയ ഹർജിക്കൊപ്പം ഈ വിഷയത്തിലുള്ള പൊതുതാത്പര്യ ഹർജികളും പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
സിബിഐ അന്വേഷണവും ഹർജികളിലെ ആവശ്യമായിരുന്നു.ഹർജിയിലെ വാദത്തിനിടെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ കോടതി അതിരൂക്ഷമായാണു വിമർശിച്ചത്.
ആദ്യം എന്തുകൊണ്ട് കൊലപാതകക്കേസായി രജിസ്റ്റർ ചെയ്തില്ലെന്നു ചോദിച്ച ചീഫ് ജസ്റ്റീസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അസ്വാഭാവിക മരണത്തിന് കേസെടുക്കാത്തതിനെയും വിമർശിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനോട് ദീർഘകാല അവധിയിൽ പ്രവേശിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കൊലപാതകത്തിനുശേഷം രാജിവച്ച സന്ദീപ് ഘോഷ് മണിക്കൂറുകൾക്കുശേഷം മറ്റൊരു കോളേജിലെ പ്രിൻസിപ്പലായി നിയമിതനായത് എങ്ങനെയാണെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തണമെന്നു നിർദേശിച്ച കോടതി അറിയാവുന്ന കാര്യങ്ങൾ അദ്ദേഹം പറയട്ടെയെന്നും നിർദേശിച്ചു.
സംസ്ഥാനത്തെ പിടിച്ചുലച്ച കൊലപാതകം കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണു പുറംലോകം അറിയുന്നത്. കോൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജിൽ നെഞ്ചുരോഗ വിഭാഗത്തിൽ പിജി ഡോക്ടറായ 31കാരിയാണു കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിഞ്ഞശേഷം പഠിക്കാനും വിശ്രമിക്കാനുമായി സെമിനാർ ഹാളിലേക്കു പോയതാണു ഡോക്ടർ. രാവിലെ ഹാളിനുള്ളിൽ അർധനഗ്നമായ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചെവിയിലും കണ്ണിലും ഉൾപ്പെടെ ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും അതിനെത്തുടർന്നുള്ള കൊലപാതകവും ആണെന്നു സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ പോലീസിന്റെ സിവിക് വോളണ്ടിയർ ആയ സഞ്ജയ് റോയ് അറസ്റ്റിലായി. ആശുപത്രിയിൽ യഥേഷ്ടം കയറിയിറങ്ങാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന പ്രതി മദ്യലഹരിയിൽ ഡോക്ടറെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ചെറുത്തപ്പോൾ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.