മുപ്പതോളം പേരെ ചോദ്യംചെയ്തു
Wednesday, August 14, 2024 1:50 AM IST
കോൽക്കത്ത: കൊല്ലപ്പെട്ട പി ജിഡോക്ടർക്കൊപ്പം ജോലിയിലുണ്ടായിരുന്ന ജൂണിയർ ഡോക്ടർമാരും മറ്റു ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരെ ഇന്നലെ കോൽക്കത്ത പോലീസ് ആസ്ഥാനത്തു വിളിച്ചുവരുത്തി ചോദ്യംചെയ്തു.
ചെസ്റ്റ് മെഡിസിൻ വിഭാഗം തലവൻ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരെയും ലാൽബസാറിലെ ആസ്ഥാനത്തേക്കു വിളിച്ചിരുന്നു. കൊല്ലപ്പെട്ട ഡോക്ടർക്കൊപ്പം അവസാനം ഭക്ഷണംകഴിച്ച നാല് ഡോക്ടർമാർക്കു പുറമേയാണിത്. തിങ്കളാഴ്ച മറ്റ് ഏഴ് ഡോക്ടർമാരെ പോലീസ് സംഘം ചോദ്യംചെയ്തിരുന്നു.
അതിനിടെ കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സർക്കാരിനും പോലീസിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി വേണമെന്നാണു നിർദേശം.പിജി ഡോക്ടറുടെ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ജൂണിയർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് തുടരുകയാണ്. മുഴുവൻ സർക്കാർ ആശുപത്രികളിലെയും ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ രോഗികളുടെ നീണ്ട നിരയാണ്.
മുതിർന്ന ഡോക്ടർമാരുടെ സേവനം മാത്രമാണ് ആശുപത്രികളിൽ ലഭിക്കുന്നത്. സംഭവത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കുംവരെ സമരം തുടരുമെന്നാണ് ജൂണിയർ ഡോക്ടർമാർ ഒന്നിച്ച് ആവർത്തിക്കുന്നത്.