പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം 17ന്
Wednesday, August 14, 2024 1:50 AM IST
ന്യൂഡൽഹി: പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനും അംഗത്വപ്രചാരണത്തിനുള്ള കർമപരിപാടികൾക്കുമായി ബിജെപി ദേശീയഭാരവാഹികളുടെ യോഗം 17 നു ഡൽഹിയിൽ നടക്കും. ദേശീയതലത്തിലുള്ള ഭാരവാഹികൾക്കു പുറമേ സംസ്ഥാന അധ്യക്ഷന്മാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരും പങ്കെടുക്കും.
പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് ആറുമാസം വരെ സമയം ആവശ്യമുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വാദം. ഈ സാഹചര്യത്തിൽ വർക്കിംഗ് പ്രസിഡന്റിനെ നിയമിച്ചശേഷം അംഗത്വകാന്പയിൻ പൂർത്തിയാക്കാനും നീക്കമുണ്ട്. ഇതിനുശേഷം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും.
മോദി മന്ത്രിസഭയിൽ കാബിനറ്റ് ചുമതലകൂടി വഹിക്കുന്നതിനാൽ ജെ.പി. നഡ്ഡയ്ക്കു പകരക്കാരനെ കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഒരാൾക്ക് ഒരു പദവി എന്ന പതിവും പുതിയ അധ്യക്ഷനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കുന്നു.
2019 ൽ അമിത് ഷാ ആഭ്യന്തരമന്ത്രിയായതോടെ ജെ.പി. നഡ്ഡയെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് അനായാസം അവരോധിക്കാനായെങ്കിൽ ഇത്തവണ കാര്യങ്ങൾ അത്രയെളുപ്പമല്ലെന്നാണു വിലയിരുത്തൽ.
2019 ജൂണിലാണ് നഡ്ഡ ബിജെപി തലപ്പത്തേക്ക് വരുന്നത്. ആദ്യം വർക്കിംഗ് പ്രസിഡന്റായി നിയമിക്കപ്പെട്ടശേഷം 2020 ജനുവരിൽ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സാധാരണഗതിയിൽ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യക്ഷനെ കണ്ടെത്തുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ഡൽഹിയിലെ വസതിയിലാണു യോഗം.