നെറ്റ് പരീക്ഷ റദ്ദാക്കിയതിനെതിരായ ഹർജി തള്ളി
Tuesday, August 13, 2024 2:23 AM IST
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.
21ന് പരീക്ഷ വീണ്ടും നടത്തുന്നതിനാൽ ഇക്കാര്യത്തിൽ കോടതി ഇടപെട്ടാൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ്മാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെത്തുടർന്ന് ജാഗ്രതയുടെ ഭാഗമായാണ് ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന നെറ്റ് പരീക്ഷ, ദേശീയ പരീക്ഷാ ഏജൻസി റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അതിന് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.