ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
Friday, August 9, 2024 2:21 AM IST
കോൽക്കത്ത: മുൻ ബംഗാൾ മുഖ്യമന്ത്രിയും സമുന്നത സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. കോൽക്കത്ത പാം അവന്യുവിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
അലിമുദ്ദീൻ സ്ട്രീറ്റിലെ സിപിഎം ആസ്ഥാനത്ത് ഇന്നു മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. അതിനുശേഷം ബുദ്ധദേബിന്റെ ആഗ്രഹപ്രകാരം, സർക്കാർ ഉടമസ്ഥതയിലുള്ള എൻആർഎസ് ആശുപത്രിക്കു മൃതദേഹം വിട്ടുനല്‍കും.
മീരയാണ് ഭാര്യ. മകൾ: സുചേതന. ജ്യോതിബസുവിന് പിൻഗാമിയായി 2000ത്തി ലാണ് ബുദ്ധദേബ് ഭട്ടാചാര്യ ബംഗാൾ മുഖ്യമന്ത്രിയായത്. 2001, 2006 തെരഞ്ഞെടുപ്പുകളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഭരണം നിലനിർത്തി.
നന്ദിഗ്രാം, സിംഗൂർ പ്രക്ഷോഭങ്ങളെത്തുടർന്ന് 2011ൽ ബുദ്ധദേബ് സർക്കാർ അധികാരത്തിനു പുറത്തായി. പിന്നീടൊരിക്കലും ബംഗാളിൽ ഇടതുമുന്നണിക്ക് അധികാരത്തിലെത്താനായില്ല.