കേന്ദ്രീയ വിദ്യാലയം: പുതിയ നയം പിൻവലിക്കണമെന്ന് എം.കെ. രാഘവൻ
Thursday, August 8, 2024 2:27 AM IST
ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ട്രാൻസ്ഫർ വ്യവസ്ഥകളിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ നയം പിൻവലിക്കണമെന്ന് എം.കെ. രാഘവൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ പെട്ടെന്നു നടപ്പിലാക്കിയ നയം മൂലം നിരവധി സൈനികർ, അർധ സൈനികർ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരുടെ മക്കളുടെ പഠനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കേന്ദ്രസർക്കാർ നടപ്പാക്കിയ ട്രാൻസ്ഫർ വ്യവസ്ഥകളിലെ പുതിയ നയം അറിയാതെ നിലവിലെ സ്കൂളുകളിൽനിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി മറ്റു സ്കൂളുകളിൽ പ്രവേശനം ലഭിക്കാതെ കഴിയുകയാണ് വിദ്യാർഥികൾ.
കേന്ദ്രീയ വിദ്യാലയങ്ങളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാൻ കഴിയാത്തതിനാൽ സ്ഥലംമാറ്റം ലഭിക്കുന്ന സൈനികരുൾപ്പെടെയുള്ളവരുടെ മക്കൾക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളത്.
സൈനികരുൾപ്പെടെയുള്ളവരുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ചാണ് കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ നയം ഇതിന് എതിരാണെന്നും രാഘവൻ പറഞ്ഞു.