വനിതാ റേഞ്ചറോട് അപമര്യാദയായി പെരുമാറിയ മന്ത്രി രാജിവച്ചു
Tuesday, August 6, 2024 2:29 AM IST
കോൽക്കത്ത: ബംഗാളിൽ വനംവകുപ്പിലെ വനിതാ റേഞ്ചറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മന്ത്രി അഖിൽ ഗിരി രാജിവച്ചു.
മുഖ്യമന്ത്രി മമത ബാനർജി മന്ത്രിയുടെ രാജിയാവശ്യപ്പെട്ടിരുന്നു. വനിതാ ഉദ്യോഗസ്ഥയോടു മാപ്പു പറയണമെന്നും തൃണമൂൽകോൺഗ്രസ് നേതൃത്വം അഖിൽ ഗിരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാപ്പു പറയാൻ അഖിൽ ഗിരി തയാറായില്ല.
താൻ ഇതുവരെ ഒരു സർക്കാർ ഉദ്യോഗസ്ഥരോടും ക്ഷമചോദിച്ച ചരിത്രമല്ല. ഇനിയും അങ്ങനെ ആയിരിക്കും. മുഖ്യമന്ത്രിയോടു മാത്രമായിരിക്കും മാപ്പു പറയുക- രാജിക്കത്ത് കൈമാറിയശേഷം അഖിൽ ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൂർബ മേദിനിപുർ ജില്ലയിലെ വനമേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയപ്പോഴാണ് വനിതാ റേഞ്ചറെ മന്ത്രി ഭീഷണിപ്പെടുത്തിയത്.
പറയുന്നത് അനുസരിച്ചില്ലെങ്കിൽ അടിച്ച് അനുസരിപ്പിക്കാൻ അറിയാമെന്നും മന്ത്രി പറഞ്ഞു. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം വ്യാപകമായിരുന്നു.