കേരളം പാർലമെന്റിൽ: മത്സ്യത്തൊഴിലാളി ക്ഷേമത്തിനു കേന്ദ്രനടപടി വേണമെന്ന് ബെന്നി ബഹനാൻ
Tuesday, August 6, 2024 2:02 AM IST
വനവാസ മേഖലകളിൽ താമസിക്കുന്ന ആദിവാസികൾക്ക് ലഭ്യമാകുന്ന അതേ അവകാശങ്ങൾ തീരദേശ മേഖലയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കണമെന്ന് ബെന്നി ബഹനാൻ എംപി.
മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള ദ്രുതനടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം. കേന്ദ്ര ബജറ്റിൽ ഈ മേഖലയുടെ ആവശ്യങ്ങൾ തൃപ്തികരമായി പരിഗണിക്കപ്പെട്ടിട്ടില്ല.
കോസ്റ്റൽ ടൂറിസത്തിന്റെ പേരിൽ വൻകിട നിർമാണ പ്രവൃത്തികളാണ് തീരദേശ മേഖലകളിൽ നടക്കുന്നത്. അത് നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ പശ്ചിമഘട്ട മേഖലയിൽ സംഭവിക്കുന്ന ദുരന്തങ്ങൾ പോലെ തീരദേശ മേഖലകളും നശിക്കപ്പെടും.
വിമാന ടിക്കറ്റ് നിരക്കുവർധന: കേന്ദ്രം ഇടപെടണമെന്ന് ജെബി മേത്തർ
വേനലവധിക്കാലത്ത് ടിക്കറ്റ് നിരക്കിൽ വൻ വർധനവ് വരുത്തി വിമാനക്കന്പനികൾ സംഘടിത കൊള്ള നടത്തുകയാണെന്ന് ജെബി മേത്തർ എംപി.
ജൂണ്‍ മുതൽ സെപ്റ്റംബർ വരെ സാധാരണ നിരക്കിന്റെ അഞ്ചിരട്ടിയോളമാണ് വിമാനക്കന്പനികൾ ഈടാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഈ നിരക്ക് വർധനവ് വരുത്തിവയ്ക്കുന്ന ബാധ്യത ചെറുതല്ല.
പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് വിമാനക്കന്പനികളുടെ സംഘടിത കൊള്ള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോടും വ്യോമയാന വകുപ്പ് മന്ത്രിയോടും അവർ ആവശ്യപ്പെട്ടു.
തീർഥാടന സർക്യൂട്ട് പ്രഖ്യാപിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന്
ചക്കുളത്തുകാവ് -സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ സമാധി ഉൾപ്പെടുന്ന തീർഥാടന സർക്യൂട്ട് പ്രഖ്യാപിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്.
കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കേരളത്തിന് പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ ക്ഷേത്ര നവീകരണത്തിന് 45 കോടിയും, 312 കോടി ചെലവിൽ മറ്റു അഞ്ച് പ്രത്യേക വികസന പദ്ധതികളും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
ഇതിൽ പത്തനംതിട്ട ഗവി-വാഗമണ്‍-തേക്കടി, എരുമേലി-പന്പാ-സന്നിധാനം, ആറന്മുള ശ്രീ പദ്മനാഭ ക്ഷേത്രം, മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതി, ശ്രീനാരായണ ഗുരു ആശ്രമം, അരുവിപ്പുറം, കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ, ചെന്പഴന്തി ശ്രീ നാരായണ ഗുരുകുലം, എന്നിവ ഉൾപ്പെടുന്നു.